സിപിഎം ഉപസമിതി റിപ്പോര്‍ട്ട് ഇഡി പിടിച്ചെടുക്കണം; വര്‍ഗീസിനെ ചോദ്യം ചെയ്യുന്നത് ഉന്നത നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് അനില്‍ അക്കര


ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സിപിഎം ഓഫീസിലുള്ള ഉപസമിതി റിപ്പോര്‍ട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന് അനില്‍ അക്കര പറഞ്ഞു. എംഎം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അനില്‍ അക്കരയുടെ പ്രതികരണം. കരുവന്നൂരിലെ സിപിഎം ഉപസമിതി, പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ഇഡിക്ക് മുന്നില്‍ ഹാജരാക്കണമെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു. അനധികൃത ലോണുകളുടെ വിവരം ഉപസമിതി റിപ്പോര്‍ട്ടിലുണ്ട്. 2 കുറിക്കമ്പനികള്‍ക്ക് ലോണ്‍ ശുപാര്‍ശ ചെയ്തു. അതിന് കൈക്കൂലി വാങ്ങി. ഇതില്‍ പങ്കില്ലെങ്കില്‍ പാര്‍ട്ടി രേഖ ഹാജരാക്കാന്‍ ധൈര്യമുണ്ടോ ? ഉപസമിതി റിപ്പോര്‍ട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്നും അനില്‍ അക്കര പറഞ്ഞു. ലൈഫ്മിഷന്‍ കോഴ കേസില്‍ പ്രതികളില്‍ നിന്ന് 10 കോടി സ്വത്ത് കണ്ടെത്തിയത് സ്വാഗതാര്‍ഹമാണ്. ശിവശങ്കരന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കണ്ടുകെട്ടിയത് മുഖ്യമന്ത്രിയില്‍ നിന്ന് കണ്ടുകെട്ടിയതിന് തുല്യമാണെന്നും അക്കര കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment