ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യ : സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തു നിന്ന് നീക്കി

Jaihind Webdesk
Monday, April 25, 2022

തൃശൂർ പീച്ചിയിൽ ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പി.ജി. ഗംഗാധരനെ സ്ഥാനത്തു നിന്ന് നീക്കി. ഏപ്രിൽ പത്തിനാണ് സിഐടിയു ചുമട്ടുതൊഴിലാളിയായ കോലഞ്ചേരി വീട്ടിൽ സജിയെ വീടിനുള്ളിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കൽ സെക്രട്ടറിക്കും എതിരെ ആത്മത്യാകുറിപ്പ് എഴുതി വെച്ചാണ് സജി ജീവനൊടുക്കിയത്. സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി കുറിപ്പിലുണ്ട്.

അതേസമയം, സജിയുടെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല. സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്താൻ പൊലീസ് തയ്യാറായില്ലെന്ന പരാതിയുമായി സജിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സഹോദരനും മറ്റ് കുടുംബാംഗങ്ങളും സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി.

സിപിഎം നേതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സജിയെ ഭീഷണിപ്പെടുത്തിയെന്നത് ആരോപണം മാത്രമാണെന്നാണ് നേതാക്കളുടെ മൊഴി. ആത്മഹത്യാ കുറിപ്പിൻ്റെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. സമഗ്രമായ അന്വേഷണത്തിനു ശേഷമായിരിക്കും സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണോയെന്ന് തീരുമാനിക്കുക.