വെഞ്ഞാറമൂട് കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം

 

തിരുവനന്തപുരം :  വെഞ്ഞാറമൂട് കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവരെ മുഴുവന്‍ പുറത്തു കൊണ്ടുവരാന്‍ കേരള പൊലീസിന് കഴിയുമെന്നും കോടിയേരി പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ പങ്ക്  തെളിവ് സഹിതം കോണ്‍ഗ്രസ് പുറത്തുകൊണ്ടു വന്നതിനുപിന്നാലെ  പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിലാണ് സിപിഎം.  കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും രാഷ്ട്രീയകൊലപാതകമെന്ന് വരുത്തി തീര്‍ക്കാനായിരുന്നു  നേതൃത്വത്തിന്‍റെ ശ്രമം. പ്രതികള്‍ സിപിഎമ്മുകാരാണെന്നും ചേരിപ്പോരാണ് കൊലപാതകത്തില്‍ കലാശിച്ചെതെന്നും കോണ്‍ഗ്രസ് വെളിപ്പെടുത്തുകയും പൊലീസ് അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അടൂര്‍ പ്രകാശ് എം.പിയും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഇതിന് പിന്നാലെയാണ്  സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സിപിഎം പരസ്യമാക്കിയത്. ഇത്തരം കൊലക്കേസുകള്‍ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സിബിഐയേക്കാള്‍ മികവ് കേരള പൊലീസിനുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെടുന്നു.

പ്രതികളെ പരസ്യമായി സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും അവരെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടിയേരി പാര്‍ട്ടി മുഖപത്രത്തില്‍ പറയുന്നു. ഉന്നതതല ഗൂഢാലോചന ഇതിനോടകം തന്നെ വ്യകതാമായെന്നും പ്രതികളെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും കോടിയേരി കൂട്ടിചേര്‍ത്തു. സമീപ കാലങ്ങളില്‍ കേരള പൊലീസ് അന്വേഷിച്ചിട്ടുള്ള ഏത് കേസാണ് നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടുള്ളത് എന്ന ചോദ്യവും ഈ സാഹചര്യത്തില്‍ ഉയരുന്നുണ്ട്.

https://youtu.be/a1O2ACMHUvM

Comments (0)
Add Comment