സിപിഎം ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുന്നു, പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കുന്നു : വി.ഡി സതീശന്‍

Jaihind Webdesk
Sunday, June 27, 2021

കൊച്ചി : കണ്ണൂര്‍ ജില്ലയില്‍ ഗുണ്ടാസംഘങ്ങളേയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരേയും സിപിഎം സംരക്ഷിക്കുകയാണെന്നും ഇത്തരക്കാരെ പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാമനാട്ടുകരയിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടെന്നു സംശയിക്കുന്ന അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിക്ക് സിപിഎം ബന്ധമുണ്ടെന്നതിന് വളരെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇയാള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളുടെ ഫോണ്‍ സംഭാഷണമടക്കമുള്ള വിവരങ്ങള്‍ പുറത്തുവരുകയാണ് ഉണ്ടായത്.

പെരിയ കൊലക്കേസിലെ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്ക് 450 പേര്‍ക്ക് നടത്തിയ അഭിമുഖത്തില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കൊടുത്തു. പാര്‍ട്ടിക്ക് വേണ്ടി എന്ത് വൃത്തികേടുകള്‍ ചെയ്താലും നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും പാര്‍ട്ടിസംരക്ഷിക്കും എന്ന ഉറപ്പ് നല്‍കുമെന്ന സന്ദേശമാണ് അതില്‍ നിന്ന് കിട്ടുന്നത്. അത് തന്നെയാണ് ഇവിടേയും ഉണ്ടാകാന്‍ പോകുന്നത്.

ഇത്രയും വലിയൊരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരക്കാരെ സംരക്ഷിക്കുന്നു എന്നത് പാര്‍ട്ടിയുടെ എത്ര വലിയ പതനമാണെന്നും അത്തരമൊരു ഗതികേടിലേക്കാണ് സിപിഎം എത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.