മേയര്‍ ബ്രോയ്ക്ക് പിന്നില്‍ സിപിഎം തിരക്കഥ; പ്രളയം മുതലാക്കി ഓപ്പറേഷന്‍ വട്ടിയൂര്‍ക്കാവ്

പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്കെത്തിക്കാന്‍ തലസ്ഥാനത്ത് സമാഹരിച്ച സഹായം നഗരസഭ മേയര്‍ വി.കെ പ്രശാന്തിന്‍റെ നേട്ടമായി ചിത്രീകരിച്ച് മഹത്വവത്ക്കരിക്കാനുള്ള നീക്കത്തിന് പിന്നില്‍ സിപിഎമ്മിന്‍റെ വ്യക്തമായ തിരക്കഥ. വട്ടിയൂര്‍ക്കാവ് നിയമസഭ ഉപതെരഞ്ഞടുപ്പില്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാനുള്ള മുന്നൊരുക്കമാണ് ഇതുമായി ബന്ധപ്പെട്ട നാടകങ്ങള്‍ക്ക് പിന്നില്‍.

വടക്കന്‍ കേരളത്തില്‍ പേമാരി കനത്ത നാശം വിതച്ചതിന് പിന്നാലെ പ്രളയ ബാധിതകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേത് പോലെ ദുരിതാശ്വസ സാധനങ്ങള്‍ സമാഹരിക്കേണ്ടതില്ലെന്ന തരത്തില്‍ തിരുവന്തപുരം കളക്ടര്‍ കെ. ഗോപാലകൃഷ്ണൻ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെ പ്രളയ മേഖലയില്‍ ആവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് നേതൃത്വവും നല്‍കണ്ടേ ജില്ലാകളക്ടര്‍ അവധിക്ക് അപേക്ഷയും നല്‍കി. നിര്‍ണ്ണായകമായ ദിവസങ്ങളായിരുന്നിട്ടുകൂടി കളക്ടറുടെ അവധി അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്നാണ് കളക്ടറുടെ അസാനിധ്യത്തില്‍ മേയര്‍ വി.കെ.പ്രശാന്ത് ആവശ്യവസ്തുക്കള്‍ സമാഹരിക്കുന്നതിനുള്ള നേത്യത്വം ഏറ്റെടക്കുന്നത്. ഇതിന് പിന്നിലാണ് ദുരൂഹത ആരോപണം ഉയര്‍ന്നിരിക്കുന്നതും. ഇതെല്ലാം സിപിഎം ഉന്നതരുടെ കൃത്യമായ തിരക്കഥ പ്രകാരമാണെന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. കളക്ടറെ അവധിയില്‍ പ്രവേശിപ്പിച്ച് മേയര്‍ക്ക് ഏകോപനത്തിന്‍റെ ചുക്കാന്‍ നല്‍കാന്‍ ഉന്നത തലങ്ങളില്‍ തീരുമാനം ഉണ്ടായതോടെ പ്രശാന്ത് തന്‍റെ റോള്‍ ഏറ്റെടുത്ത് രംഗത്തിറങ്ങിറകുകയായിരുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയ സമയത്ത് തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന വാസുകിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഈ പ്രവര്‍ത്തനം വ്യക്തിപരമായി വാസുകിയ്ക്ക് പൊതുസൂഹത്തിന്‍റെ വലിയ സ്വീകര്യത ലഭിക്കുന്നതിനും ഇടവരുത്തി. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് വി.കെ പ്രശാന്തിനെ മഹത്വവല്‍ക്കരിക്കാന്‍ സമാനമായ മാര്‍ഗ്ഗം അവലംബിക്കാന്‍ സി.പി.എം നേതൃത്വത്തിന് പ്രചോദനമായതും ഇതാണ്. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ 50 ലോഡിലധികം സാധനങ്ങള്‍ ദുരിതബാധിത മേഖലകളിലേക്ക് എത്തിച്ചെന്ന് അവകാശപ്പെട്ടാണ് സി.പി.എം സൈബര്‍ പോരാളികള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുന്നത്. അതേസമയം ലോഡുകളുടെ എണ്ണത്തില്‍ അവ്യക്തതയാണ്. ഇത് ലോറികളുടെ കണക്ക് മാത്രമാണെന്നും വാഹനത്തിനുള്ളിലെ ആവശ്യ വസ്തുക്കളുടെ വിശദാംശങ്ങളില്‍ വ്യക്തതിയില്ലെന്നുമാണ് തിരുവന്തപരുത്തെ സി.പി.എം ജില്ലാ ഘടകത്തിനുള്ളിലെ പ്രശാന്ത് വിരുദ്ധരുടെ അടക്കം പറച്ചില്‍.

കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്ത് 500 ലധികം ലോഡ് അവശ്യസാധനങ്ങളാണ് ജില്ലാകളക്ടറായിരുന്ന വാസുകിയുടെ നേതൃത്വത്തില്‍ ദുരന്ത ബാധിത മേഖലയില്‍ എത്തിച്ചത്. അതുമായി തരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തേത് നാമമാത്രമാണ്. എന്നിട്ടും മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം സി.പി.എം സൈബര്‍ പോരാളികള്‍ പ്രശാന്തിനെ മഹത്വ വത്ക്കരിക്കാനുള്ള ദൗത്യം ഏറ്റെടുത്തിറങ്ങിയിരിക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായതുമുതല്‍ പ്രശാന്തിന് കൃത്രിമ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമം സി.പി.എം ആരംഭിച്ചിരുന്നു. നഗരസഭ പരിധിയില്‍ ഉള്ള ഹോട്ടലുകളില്‍ മേയറുടെ നേത്യത്വത്തില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു എന്ന് വാര്‍ത്ത ഇതിന്‍റെ ഭാഗമായിരുന്നു. വാര്‍ത്തകള്‍ക്കപ്പുറം ഈ ഹോട്ടലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നതാണ് വാസ്തവം. ഇതുപോലെ പ്രളയ ബാധിത മേഖലയിലേക്ക് അയച്ചെന്ന് അവകാശപ്പെടുന്ന ലോഡുകളെ കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുകളും വൈകാതെ പുറത്തുവന്നേക്കും.

https://youtu.be/lcH3QIZU8wI

Trivandrum MayorVK Prashanth
Comments (0)
Add Comment