കൊവിഡ് പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയെ മുന്‍നിർത്തി രാഷ്ട്രീയ മുതലെടുപ്പിന് സി.പി.എം

Jaihind News Bureau
Monday, March 30, 2020

കൊവിഡ്-19 ന് എതിരെ കേരളം ഒറ്റക്കെട്ടായി പൊരുതുമ്പോൾ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മുൻനിർത്തി രാഷ്ട്രീയ നേട്ടത്തിന് സി.പി.എം നീക്കം. മുഖ്യമന്ത്രിയുടെ ഇടപെടൽ കാരണമാണ് സംസ്ഥാനത്ത് എല്ലാം മുന്നോട്ടുപോകുന്നു എന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്.

കൊവിഡ്-19 വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്ന ഫലപ്രദമായ എല്ലാ നടപടികള്‍ക്കും പ്രതിപക്ഷം പൂർണ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് സർക്കാരിനോട് സഹകരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒറ്റക്കെട്ടായി കേരളം പ്രതിരോധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ മഹത്വവത്ക്കരിക്കാനുള്ള നീക്കമാണ് ഒരു ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ കാരണമാണ് എല്ലാം സുഗമമായി മുന്നോട്ടുപോകുന്നതെന്ന് മനപൂർവം വരുത്തിത്തീർക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. സമൂഹമാധ്യമങ്ങളെയും ഇക്കാര്യത്തിന് കൂട്ടുപിടിക്കുന്നു.

ഏറ്റവും ഒടുവില്‍ ഹൈദരാബാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ടാറ്റ കണ്‍സള്‍ട്ടന്‍സി വനിതാ ജീവനക്കാരെ അർധരാത്രിയില്‍ കേരള-കർണാടക അതിർത്തിയില്‍ തടഞ്ഞു എന്നും മുഖ്യമന്ത്രിയുടെ ഇടപെടല്‍ അവർക്ക് തുണയായെന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.  ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് അർധരാത്രിയില്‍ വനമേഖലയില്‍ മുത്തങ്ങയില്‍ ഈ പെണ്‍കുട്ടികളെ ഇറക്കിവിടേണ്ട സാഹചര്യമുണ്ടായെന്നും മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ചതോടെ പ്രശ്നത്തിന് പരിഹാരമുണ്ടായെന്നും പെണ്‍കുട്ടികള്‍ സുരക്ഷിതരായി വീട്ടിലെത്തിയെന്നുമാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്. അതേസമയം മുഖ്യമന്ത്രിയെ വിളിക്കുന്നതിന് മുമ്പ് തന്നെ തിരുനെല്ലി എസ്.ഐ ജയപ്രകാശ് ഇവരെ സുരക്ഷിതമായി ചെക്ക്പോസ്റ്റ് കടത്തിവിട്ടു എന്നാണ് പിന്നീട് വ്യക്തമായത്.

മുഖ്യമന്ത്രിയെ വിളിച്ചു എന്ന് പറയുന്ന ആതിര എസ്.ഐയെ ഫോണില്‍ വിളിച്ച് സഹായം ആവശ്യപ്പെട്ടിരുന്നു. മാനന്തവാടിയില്‍ നിന്നും ട്രാവലര്‍ വിളിച്ച് ഇവരെ സുരക്ഷിതരായി വിട്ടതായി എസ്.ഐ പറയുന്നു. അവർ മുഖ്യമന്ത്രിയുടെ സഹായം തേടിയ കാര്യം പിന്നീടാണ് അറിയുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. സത്യാവസ്ഥ ഇതായിരിക്കെ മുഖ്യമന്ത്രിയുടെ ഇടപെടലാണ് പെണ്‍കുട്ടികളെ സുരക്ഷിതമായി എത്തിച്ചതെന്ന തരത്തില്‍ ബോധപൂർവമായ പ്രചാരണമാണ് നടക്കുന്നത്. പല വിഷയങ്ങളും ഇത്തരത്തില്‍ രാഷ്ട്രീയ നേട്ടത്തിന് മുതലെടുക്കുന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത്.