കോൺഗ്രസുമായി സഹകരിക്കാൻ ഒരുങ്ങി സിപിഎം. ലോക്സഭ തിരഞ്ഞെടുപ്പിൽ 5 സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഹകരിക്കാനാണ് സിപിഎം ധാരണ. തമിഴ്നാട്, ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഹകരിക്കുമ്പോൾ ബംഗാളിൽ അടവുനയത്തിനാണ് സാധ്യത.
ബിജെപിക്കെതിരെ രാജ്യത്ത് ബദൽ മുന്നണി കെട്ടിപടുക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ നീക്കം ശക്തമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസുമായി ഇനിയും സഹകരണം ഉണ്ടായില്ലെങ്കിൽ പാർട്ടി അപ്രസക്തമാകും എന്ന ധാരണ സിപിഎമ്മിൽ ശക്തമാണ്. പാർട്ടി കോൺഗ്രസ് രേഖയിൽ കോൺഗ്രസുമായി സഖ്യമോ ധാരണയോ ആകാമെന്ന വരി സിപിഎം നീക്കിയിരുന്നു. തുടർന്ന് യെച്ചൂരി പക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് കോൺഗ്രസുമായി സഹകരണമാകാം എന്ന് പാർട്ടി രേഖയിൽ എഴുതിചേർത്തത്.ദേശീയ തലത്തിൽ സഹകരണമില്ലെങ്കിലും പ്രാദേശിക സഹകരണമാകാം എന്ന ധാരണയിലേക്ക് സിപിഎം എത്തിചേർന്നിട്ടുണ്ട്.തമിഴ്നാട്ടിൽ ഡിഎംകെ കോൺഗ്രസ് സഖ്യത്തിനൊപ്പം സിപിഎം നിൽക്കും.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട സൂചനകൾ സി പി എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസ് -എൻസിപി സഖ്യത്തിനൊപ്പവും ബീഹാറിൽ കോൺഗ്രസ് – ആർജെഡി സഖ്യത്തിനൊപ്പവും സിപിഎം മൽസരിക്കും. ഉത്തർപ്രദേശിൽ എസ്പി – ബി എസ്പി നേതൃത്വങ്ങളോട് സിപിഎം ഒരു സീറ്റ് ചോദിച്ചിട്ടുണ്ട്. ഈ സഖ്യത്തിലേക്ക് കോൺഗ്രസും എത്തിചേരാനാണ് സാധ്യത. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. തൃണമൂലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.ഇതോടെയാണ് ബംഗാളിലെ സിപിഎം സംസ്ഥാന നേതൃത്വം കോൺഗ്രസുമായി അടവുനയം എന്ന നീക്കം കേന്ദ്രനേതൃത്വത്തിന് മുന്നിൽ വച്ചത്. പ്രാദേശിക സഹകരണങ്ങളൾക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സമ്മതമാണ്. ഇക്കാര്യത്തിൽ ബിജെപിയുടെ ബീ ടീം എന്ന് ആക്ഷേപമുള്ള പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട് നിർണായകമാകും.