സ്വർണ്ണക്കടത്ത്: സർക്കാരിനെ വെള്ളപൂശുന്ന ലഘുലേഖയുമായി സിപിഎം വീടുകളിലേക്ക്; വിചിത്ര വാദങ്ങൾ നിരത്തി ന്യായീകരണം

Jaihind Webdesk
Sunday, August 16, 2020

 

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെ ന്യായീകരിക്കുന്ന ലഘുലേഖയുമായി സിപിഎം. ‘തുറന്നുകാട്ടപ്പെടുന്ന അജണ്ടകളും നുണകളും’ എന്ന തലക്കെട്ടോടുകൂടിയ ലഘുലേഖയില്‍ വിഷയത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന ന്യായീകരണമാണുള്ളത്. ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിനാണ് ലഘുലേഖ അച്ചടിച്ചിരിക്കുന്നത്.

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും വിമാനത്താവളങ്ങള്‍ കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാണെന്നും ലഘുലേഖയില്‍  പറയുന്നു. അതിനാല്‍ കള്ളക്കടത്ത് കണ്ടുപിടിക്കാനുള്ള ബാധ്യത കേന്ദ്രത്തിന്‍റേതാണ്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനൊന്നും ചെയ്യാനില്ലെന്നും ലേഖനത്തില്‍ വാദിക്കുന്നു. കേന്ദ്രം അന്വേഷിക്കുന്ന കേസായതിനാലാണ് സ്വപ്നയെ പിടികൂടാത്തതെന്ന വിചിത്ര വാദവും ലഘുലേഖയിലുണ്ട്. പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഐഎഎസുകാരനായ ശിവശങ്കറിനെ നിയമിച്ചതെന്നാണ് മറ്റൊരു ന്യായീകരണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കർ നടത്തിയ വഴിവിട്ട ഇടപെടലുകളെ ബോധപൂർവ്വം ലേഖനത്തില്‍ വിസ്മരിക്കുന്നുമുണ്ട്.

മാധ്യമങ്ങളേയും ലേഖനത്തില്‍ രൂക്ഷമായി വിമർശിക്കുന്നു. സിപിഎമ്മിനും സര്‍ക്കാരിനും കള്ളക്കടത്ത് ഇടപാടുമായി യാതൊരു ബന്ധമില്ലെന്നും എല്ലാം മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് കുപ്രചരണം നടത്തുന്നതാണെന്നുമാണ് സിപിഎം പക്ഷം. സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍ വഴിവിട്ട് നിയമിച്ചതിനെ സ്വപ്‌ന മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളുടെ മേല്‍ പഴിചാരാനാണ് ശ്രമിച്ചിരിക്കുന്നത്. കേരളാ സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ സ്വപ്നയ്ക്കു നിയമനം നൽകിയത് ശിവശങ്കറാണെന്ന് ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും ഇക്കാര്യം മറച്ചുവെച്ച് ന്യായീകരിക്കുകയാണ് സിപിഎം. പ്രകടന പത്രികയിലെ എല്ലാ കാര്യങ്ങളും സർക്കാർ നടപ്പിലാക്കിയെന്ന അവകാശവാദവും ലേഖനത്തിലൂടെ ഉയർത്തുന്നുണ്ട്.