സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച സിപിഎം ഓഫീസിന് കെട്ടിട നമ്പർ നൽകിയ കാസർഗോട്ടെ പുല്ലൂർ-പെരിയ പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം വിവാദമാകുന്നു. റവന്യു വകുപ്പ് പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട കെട്ടിടത്തിനാണ് സി പി എം ഭരണ സമിതി നമ്പർ നൽകിയത്.
സുശീല ഗോപാലന്‍റെ നാമധേയത്തിൽ ചാലിങ്കാൽ വെള്ളിക്കോത്ത് റോഡിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിനാണ് നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി സിപിഎം ഭരിക്കുന്ന പഞ്ചായത്ത് കെട്ടിട നമ്പർ അനുവദിച്ചത്.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യാനിരുന്ന കെട്ടിടം റവന്യു ഭൂമിയിലാണെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ ഉദ്ഘാടനം നടത്തിയിരുന്നില്ല. സെന്‍റിന് ലക്ഷങ്ങൾ വിലവരുന്ന രണ്ടര ഏക്കർ ഭൂമി യിലാണ് പാർട്ടി കയ്യൂക്കിന്റെ ബലത്തിൽ കെട്ടിടം നിർമ്മിച്ചത്. അതേ സമയം കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് മുൻപായി തന്നെ ഭൂമി സർക്കാർ അധീനതയിലാണെന്ന് പുല്ലൂർ വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. 2015 ലാണ് വില്ലേജ് ഓഫീസർ മേലധികാരികൾക്ക് റിപ്പോര്ട്ട നൽകിയത്.
2017 ഡിസംബർ 27ന് ഹൊസ്ദുർഗ് ഭൂരേഖ വിഭാഗം തഹസിൽദാർ സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കെട്ടിടം പൊളിച്ച് മാറ്റാൻ നോട്ടീസ് നൽകിയിരുന്നു. റവന്യു അധികാരികൾ പലതവണ കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കാൻ ശ്രമം നടത്തിയിരുന്നു വെങ്കിലും പാർട്ടി ഇടപെടലിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു. സാധാരണക്കാരൻ ഒരു വീടിന് നമ്പർ ലഭിക്കാൻ പല തവണ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുമ്പോഴാണ് അധികാരത്തിന്റെ ഹുങ്കിൽ പാർട്ടി നടത്തിയ കയ്യേറ്റത്തിന് പഞ്ചായത്തും റവന്യു അധികൃതരും കൂട്ട് നിൽക്കുന്നത്. പാർട്ടി ഓഫീസിന് നമ്പർ അനുവദിച്ച ഭരണ സമിതി നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം.
https://www.youtube.com/watch?v=aLWe6A0MZ4Y&feature=youtu.be