സിപിഎമ്മിന്‍റെ ക്ഷണം നിരസിച്ചു; ആര്‍എസ്എസിന്‍റെ ചടങ്ങില്‍ പങ്കെടുത്ത് സിപിഎം എംഎല്‍എ ഐഷാ പോറ്റി

Jaihind News Bureau
Saturday, June 6, 2020

 

ആര്‍എസ്എസിന്‍റെ സേവന വിഭാഗമായ സേവാഭാരതിയുടെ  ചടങ്ങില്‍ പങ്കെടുത്ത് സിപിഎം എംഎല്‍എ ഐഷാ പോറ്റി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സേവാഭാരതി നടത്തിയ മരം നടീല്‍ ചടങ്ങിലാണ് ഐഷാ പോറ്റി പങ്കെടുത്തത്. സിപിഎം പ്രവര്‍ത്തകരുടെ ക്ഷണം നിരസിച്ചാണ് സേവാഭാരതിയുടെ ചടങ്ങില്‍ എംഎല്‍എ പങ്കെടുത്തതെന്നും ആരോപണമുണ്ട്. സംഭവത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനമുയര്‍ന്നതോടെ പ്രവര്‍ത്തകര്‍ തന്‍റെ വീട്ടില്‍ എത്തി മരം നടുകയായിരുന്നുവെന്നാണ് എംഎല്‍എയുടെ വാദം.

ആര്‍എസ്എസ് ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും  ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിപിഎമ്മും ബിജെപിയും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് കൊട്ടാരക്കര. അതുകൊണ്ടുതന്നെ എംഎല്‍എയുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ക്ഷീണം ഉണ്ടാക്കിയെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം.