കരുവന്നൂർ ബാങ്ക് തട്ടിപ്പ് : സംഭവത്തിൽ സിപിഎമ്മിൽ നിന്ന് കൂടുതൽ പേർ രാജിവച്ചു

തൃശൂർ : കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് സംഭവത്തിൽ സിപിഎമ്മിൽ നിന്ന് കൂടുതൽ പേർ രാജിവച്ചു. കരുവന്നൂർ – പൊറത്തിശ്ശേരി മേഖലയിലെ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി അടക്കമുള്ള പ്രാദേശിക നേതാക്കളാണ് രാജിവച്ചത്.
കരുവന്നൂർ ബാങ്ക് അഴിമതിക്കാരെ സംരക്ഷിക്കുകയും തെറ്റിനെതിരെ പ്രതികരിച്ചവരെ അന്യായമായി പുറത്താക്കുകയും ചെയ്തതിനെതിരേ സിപിഎമ്മിന്‍റെ കീഴ്ഘടകങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.

അഴിമതിയുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടികൾ റിപ്പോർട്ട് ചെയ്യാനായി ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ബ്രാഞ്ച് യോഗങ്ങളിലാണ് പാർട്ടി അംഗങ്ങൾ പ്രതിഷേധമുയർത്തിയത്. പലയിടത്തും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ നേതാക്കൾ കുഴങ്ങി. അഴിമതിക്കെതിരേ ഒറ്റയാൾ സമരം നടത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട സുജേഷ് കണ്ണാട്ടിന്റെ മാടായിക്കോണം സ്കൂൾ ബ്രാഞ്ചിലെ സെക്രട്ടറിയടക്കമുള്ളവർ രാജിക്കത്ത് നൽകി.

ബ്രാഞ്ച് സെക്രട്ടറി പി വി പ്രജീഷ്, ബ്രാഞ്ച് അംഗം കെ ഐ പ്രഭാകരൻ എന്നിവരാണ് ലോക്കൽ സെക്രട്ടറി എം ബി രാജുമാസ്റ്റർക്ക് രാജിക്കത്ത് നൽകിയത്. നേരത്തേ ഈ ബ്രാഞ്ചിൽ നിന്നും കരുവന്നൂർ ബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരൻ, മുൻ ഭരണസമിതിയംഗം ചന്ദ്രിക ഗോപാലകൃഷ്ണൻ, കരുവന്നൂർ ബാങ്ക് അഴിമതിക്കെതിരെ പ്രതികരിച്ച സുജേഷ് കണ്ണാട്ട് എന്നിവരെ മുന്പേ പുറത്താക്കിയിരുന്നു. ഡിവൈഎഫ്ഐ  ഉൾപ്പെടെയുള്ള ഘടകങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഒട്ടേറെ പേർ മാറി നിൽക്കുന്നുണ്ട്.

Comments (0)
Add Comment