കൊവിഡ് മാനദണ്ഡം ലംഘിച്ചതില്‍ നടപടിക്ക് തുനിഞ്ഞ എസ്ഐ യെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

Jaihind Webdesk
Friday, July 16, 2021

തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതോടെ ഇടപെട്ട പൊലീസിനെ വിരട്ടി സിപിഎം നേതാവ്. വിതുര കലുങ്ങ് ജംഗ്ഷനിൽ കാെവിഡ് മാനദണ്ഡം ലംഘിച്ച് ഓട്ടോ റിക്ഷകൾ പാർക്കു ചെയ്യരുതെന്ന് ആവശ്യപ്പെട്ട പൊലീസുകാരെയാണ് സിപിഎം വിതുര ഏര്യാ കമ്മറ്റി അംഗവും,സിഐടിയു വിതുര ഏര്യാ സെക്രട്ടറിയുമായ എസ് സജ്ഞയൻ ഭീഷണിപ്പെടുത്തിയത്.

”നീ മര്യാദക്ക് സംസാരിക്കണം,ഇമ്മോറല്‍ ട്രാഫിക്കായിട്ടാണ് നീ പെരുമാറുന്നത്,നിന്നെ പൊളിച്ചടുക്കും,നീ ആര്” എന്നൊക്കെയായിരുന്നു ഭീഷണി.

വിതുര പാഞ്ചായത്ത് കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സി കാറ്റഗറിയിലാണ്.സി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളില്‍ പൊതു ഗതാഗതത്തിന് നിയന്ത്രണമുള്ളതിനാല്‍ വാഹനം പാര്‍ക്ക് ചെയ്യാനാവില്ലെന്ന വിതുര എസ്ഐയുടെ നിലപാടിനെതിരേയാണ് സി പി എം നേതാവിന്‍റെ പ്രകടനം.

എന്നാൽ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വിതുര പഞ്ചായത്തില്‍ രോഗ വ്യാപനത്തിന്‍റെ തോത് കൂടുതലായതിനാല്‍ കൂടുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.