വയനാട് വൈത്തിരിയിൽ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ഭര്‍ത്താവിന്‍റെ പരാതിയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിനെതിരെ സംഘടനാ നടപടിക്ക് സാധ്യത. എളമരം കരീം, പി.കെ ശ്രീമതി എന്നിവരടങ്ങുന്ന സമിതിക്കാണ് അന്വേഷണ ചുമതല. 28ന് ചേരുന്ന വൈത്തിരി ഏരിയ കമ്മറ്റി യോഗത്തിൽ എളമരം കരീം പങ്കെടുത്ത് നടപടി ക്രമങ്ങൾ വിശദീകരിക്കുമെന്നും സൂചന.
വയനാട് വൈത്തിരി സ്വദേശിനിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് വയനാട് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് ആരോപണ വിഷയം പാർട്ടി അന്വേഷിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീം, പി.കെ ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ സമിതിക്കാണ് ചുമതല. പരാതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ കെ.രാധാകൃഷ്ണനും, പി.കെ ശ്രീമതിയും പങ്കെടുത്തിരുന്നു. സംഭവം നടത്ത പ്രദേശത്തെ ഏരിയ കമ്മിറ്റി യോഗത്തിൽ എളമരം കരീം പങ്കെടുക്കും.
മരണവുമായി ബന്ധപ്പെട്ട് സെക്രട്ടറിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി ലഭിച്ചതോടെ സംസ്ഥാന സമിതി അന്വേഷണം തുടങ്ങിയിരുന്നുവെന്നാണ് സൂചന.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിപിഎമ്മിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. അതേസമയം ജില്ലാസെക്രട്ടറിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വയനാട് ജില്ലാ സെക്രട്ടിയേറ്റിന്‍റെ വിശദീകരണം. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
https://youtu.be/y1vGAjm3hzU