സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം : മുഖം രക്ഷിക്കാനൊരുങ്ങി സിപിഎം

കണ്ണൂർ മയ്യിലിൽ സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം വിവാദത്തിലായതോടെ മുഖം രക്ഷിക്കാനൊരുങ്ങുകയാണ് സിപിഎം. മുദ്രാവാക്യം വിളിച്ചു കൊടുത്തയാൾ ആ പ്രദേശത്തോ മയ്യിൽ പഞ്ചായത്തിലോ ഉള്ള ആള്‍ പോലുമല്ലെന്ന് സിപിഎം എരിയ കമ്മിറ്റി. കൊലവിളി മുദ്രാവാക്യം സിപിഎമ്മിന്‍റെ സംസ്കാരമെന്ന് കെ.സുധാകരൻ എംപി. പൊലീസ് സിപിഎമ്മിന്‍റെ പോഷക സംഘടനയെപ്പോലെ പ്രവർത്തിക്കുന്നതായി കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.

യു ഡി എഫ് പ്രവർത്തകരെ അക്രമിച്ച കേസ്സിലെ പ്രതികൾക്ക് നൽകിയ സ്വീകരണത്തോടനുബന്ധിച്ച് മയ്യിൽ ചെറുപഴശ്ശി നെല്ലിക്കപ്പാലത്ത് കൊലവിളി മുദ്രാവാക്യവുമായി സി പി എം പ്രകടനം നടത്തിയത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് സി പി എം എരിയ കമ്മിറ്റി വിശദീകരണവുമായി രംഗത്ത് എത്തിയത്. മുദ്രാവാക്യം വിളിച്ചു കൊടുത്തയാൾ ആ പ്രദേശത്ത് കാരനോ മയ്യിൽ പഞ്ചായത്ത് കാരനോ അല്ലെന്നാണ് സി പി എം എരിയ കമ്മിറ്റി നൽകുന്ന വിശദീകരണം. പ്രകടനത്തിൽ ഉയർന്നുവന്ന മുദ്രാവാക്യങ്ങൾ സിപിഐഎം ഒരുതരത്തിലും അംഗീകരിക്കുന്നില്ല. മുദ്രാവാക്യം വിളിച്ചു കൊടുത്ത വ്യക്തിക്ക് പാർട്ടിയുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടെങ്കിൽ കർശന നടപടിയെടുക്കാൻ പാർട്ടി തയ്യാറാകുമെന്നും എരിയാ കമ്മിറ്റി നൽകിയ വിശദീകരണത്തിൽ പറയുന്നു. സാമുഹ്യ അകലം പോലും പാലിക്കാതെ പ്രകടനം നടത്തിയവർക്കെതിരെ പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.

പൊലീസ് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. കൊലവിളി മുദ്രാവാക്യം സി പി എമ്മിൻ്റെ സംസ്കാരമാണ്. ഇത് ശരിയാണൊയെന്ന് സി പി എമ്മും, പിണറായിയും ആലോചിക്കണമെന്നും കെ.സുധാകരൻ എം പി പറഞ്ഞു.

Comments (0)
Add Comment