തലശ്ശേരി: സി.പി.ഐ നേതാവ് ആനിരാജയെ അധിക്ഷേപിച്ച് കതിരൂരിലെ സി.പി.എം നേതാക്കള്‍ . സി.പി.ഐയുടെ വനിതാ നേതാവും ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ ഭാര്യയുമായ ആനി രാജ ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കതിരൂരില്‍ നടത്തിയ പ്രസംഗമാണ് ഇവരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സി.പി.എം കതിരൂര്‍ ബ്രാഞ്ച് സെക്രട്ടറി രമേശന്‍ ഫേസ് ബുക്കിലൂടെ മോശമായി പോസ്റ്റിടുകയായിരുന്നു. ഡി. രാജയുടെ ഭാര്യയായത് കൊണ്ടുമാത്രം നേതാവായ വനിതയാണ് ആനി രാജ എന്നായിരുന്നു രമേശന്‍റെ അവകാശവാദം.
ആനി രാജയുടെ ഫോണ്‍നമ്പര്‍ കിട്ടുമോയെന്നും ഫേസ്ബുക്കിലൂടെ രമേശന്‍ ചോദിച്ചു. പോസ്റ്റിന് താഴെ മറുപടിയുമായി പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സി.പി.എം പ്രതിനിധിയും സ്ഥിരംസമിതി അധ്യക്ഷനുമായ രമേശ് കണ്ടോത്ത് എത്തി. എപ്പോള്‍, എവിടെ, എന്തു പറയണമെന്നുള്ള വിവേകം ആനിരാജയ്ക്കില്ലെന്നായിരുന്നു കണ്ടോത്തിന്‍റെ ആക്ഷേപം. പോസ്റ്റും പ്രതികരണങ്ങളും കണ്ട പ്രാദേശിക സി.പി.ഐ നേതാക്കള്‍ ഇക്കാര്യത്തിലുള്ള അതൃപ്തി സി.പി.എം നേതാക്കളെ അറിയിച്ചു.