‘പരനാറി’ മുതല്‍ ‘കുലംകുത്തി’ വരെ… ആരും മാപ്പ് പറഞ്ഞുകണ്ടില്ല ; കെ സുധാകരന്‍ മാപ്പ് പറയണമെന്ന ആവശ്യത്തില്‍ സ്വയം അപഹാസ്യരായി സി.പി.എം നേതാക്കള്‍

Jaihind News Bureau
Thursday, February 4, 2021

 

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ തൊഴിൽപരമായ പരാമർശം നടത്തിയ കെ സുധാകരൻ എം.പിക്ക് സൈബറിടങ്ങളില്‍ വന്‍ പിന്തുണ. കെ സുധാകരൻ എം.പിക്ക് എതിരെ ചന്ദ്രഹാസമിളക്കുന്ന സി.പി.എം നേതാക്കൾ കോൺഗ്രസ് നേതാക്കൾക്കും വനിതകൾക്കും എതിരെ നടത്തിയ പരാമർശങ്ങളിൽ ഒന്നിൽ പോലും മാപ്പ് പറഞ്ഞിട്ടില്ല. വളരെ മോശമായ പരാമർശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള സി.പി.എം നേതാക്കളിൽ നിന്നും ഉണ്ടായത് കേരളം മറന്നിട്ടില്ല. പൊതുസമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ പിന്നോട്ടുപോകാൻ സി.പി.എം നേതാക്കൾ തയാറായതുമില്ല. ഇപ്പോള്‍ കെ സുധാകരൻ എം.പി എന്തിന് മാപ്പ് പറയണമെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

കോൺഗ്രസ് നേതാക്കളെയും വനിതകളെയും വ്യക്തിപരമായ മോശമായ രീതിയില്‍ ആക്ഷേപിച്ച സി.പി.എം നേതാക്കൾ ഒരിക്കല്‍പ്പോലും മാപ്പോ ഖേദപ്രകടനമോ നടത്തിയിട്ടില്ല. ഈ ആവശ്യത്തെ പുച്ഛിച്ച് തള്ളുകയായിരുന്നു സി.പി.എം നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പിതാവും മരണപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയുമായ മുല്ലപ്പള്ളി ഗോപാലനെ അട്ടംപരതി കോവാലൻ എന്നാണ് പിണറായി വിജയൻ ആക്ഷേപിച്ചത്. ബിഷപ്പിനെ നികൃഷ്ട്ടജീവി എന്ന് വിളിച്ചു. തന്‍റെ അണികളുടെ കൈകളാല്‍ 51 വെട്ട് കിട്ടി പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുന്ന ടി.പിയുടെ മൃതദേഹത്തെ കുലംകുത്തി എന്ന് വിളിച്ചു. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധി എൻ.കെ പ്രേമചന്ദ്രനെ പരനാറി എന്ന് പരസ്യമായി വിളിച്ചു. ഇതിൽ ഒന്നും പിണറായി വിജയൻ മാപ്പ് പറഞ്ഞ് കണ്ടില്ല.

രമ്യാ ഹരിദാസിനെ ആക്ഷേപിച്ച എല്‍.ഡി.എഫ് കണ്‍വീനർ വിജയ രാഘവൻ മാപ്പ് പറഞ്ഞില്ല. ഷാനിമോൾ ഉസ്മാനെ ആക്ഷേപിച്ച മന്ത്രി ജി സുധാകരൻ മാപ്പ് പറഞ്ഞില്ല. സിന്ധു ജോയിയെ അഭിസാരിക എന്ന് വിളിക്കുകയും ലതികാ സുഭാഷിനെ ആക്ഷേപിക്കുകയും ചെയ്ത വി.എസ് അച്യുതാനന്ദന്‍ പറഞ്ഞില്ല മാപ്പ്. ക്ഷേത്ര വിശ്വാസികളെ ആക്ഷേപിച്ച ശ്രീമതി പറഞ്ഞില്ല മാപ്പ്. സഹപ്രവർത്തകയെ പീഡിപ്പിച്ച പി.കെ ശശിയും മാപ്പ് പറഞ്ഞില്ല. ധർമ്മജനെ ജാതീയമായി ആക്ഷേപിച്ച സൈബർ ന്യായീകരണങ്ങൾ പറഞ്ഞില്ല മാപ്പ്. ഈ അവസരങ്ങളിലൊന്നും മാപ്പ് പറയാത്ത സി.പി.എം നേതാക്കൾ ഇപ്പോൾ മാപ്പിന് വേണ്ടി മുളവിളി കൂട്ടുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് ചോദ്യം.