നാല് മണ്ഡലങ്ങളില്‍ സിപിഎം നേതാക്കള്‍ എന്‍ഡിഎ സ്ഥാനാർത്ഥികള്‍ ; കളംമാറ്റത്തില്‍ ഞെട്ടി സിപിഎം

 

തിരുവനന്തപുരം :  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളില്‍ സിപിഎം വിട്ടുവന്ന നാല് പേർ. സിപിഎം-ഡിവൈഎഫ്ഐ നേതാക്കളായ കെ.സഞ്ജു, പി.എസ് ജ്യോതിസ്, ബിജു മാത്യു, മിനര്‍വ്വ മോഹന്‍ എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികളായി രംഗത്തുവന്നത്.

സിപിഎമ്മിന്റെ മുന്‍ ജനപ്രതിനിധി വീണ്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍. മാവേലിക്കരയിലെ ബിജെപി സ്ഥാനാർഥിയാകുന്ന കെ.സഞ്ജു സിപിഎം ലോക്കൽ കമ്മിറ്റി അംഗവും നേരത്തേ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചുനക്കര പഞ്ചായത്തിലേക്കു മത്സരിച്ചു പരാജയപ്പെട്ടു. ഇന്നലെ ഉച്ചവരെ സിപിഎം നേതാക്കൾക്കൊപ്പമുണ്ടായിരുന്ന സഞ്ജു പാർട്ടി വിടുന്ന കാര്യം അടുത്ത സുഹൃത്തുക്കൾക്കു പോലും അറിയില്ലായിരുന്നു.

സംവരണ മണ്ഡലമായ മാവേലിക്കരയിലാണ് ഡി.വൈ.എഫ്.ഐ നേതാവ് കെ.സഞ്ജു ബി.ജെ.പി സ്ഥാനാര്‍ഥിയായത്. ഡി വൈ എഫ് ഐ ജില്ലാക്കമ്മറ്റിയംഗമായ സഞ്ജു അപ്രതീക്ഷിതമായി ബിജെപി സ്ഥാനാര്‍ഥിയാവുകയായിരുന്നു. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നേരത്തെ ഇടുക്കിയില്‍ നിന്നുള്ള യുവമോര്‍ച്ച നേതാവിനെ ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍, സഞ്ജു സ്ഥാനാര്‍ഥിയാകുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ സി.പി.എം വിട്ട് എന്‍.ഡി.എ സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത്തെ നേതാവാണ് സഞ്ജു. സി.പി.എം അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിരുന്നു സഞ്ജു. ഡി.വൈ.എഫ്.ഐ ചാരുംമൂട് പ്രാദേശിക ഘടകം നേതാവും ആയിരുന്നു.

ആലപ്പുഴ ജില്ലയില്‍ മറ്റൊരു സി.പി.എം നേതാവും പാര്‍ട്ടി വിട്ട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി. 25 വര്‍ഷത്തെ സി.പി.എം ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം മരുത്തോര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ.പി.എസ് ജ്യോതിസാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംപിടിച്ചത്. ബി.ഡി.ജെ.എസിന്റെ ചേര്‍ത്തല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ജ്യോതിസ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജ്യോതിസിന് ഇടത് മുന്നണി സീറ്റ് നല്‍കിയിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂരിലേക്ക് പരിഗണിക്കുമെന്ന് ആദ്യഘട്ടത്തില്‍ പ്രചരണം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയതാണ് ജ്യോതിസിനെ എന്‍.ഡി.എയിലേക്ക്് പോകാന്‍ പ്രേരിപ്പിച്ചത്. പിന്നാലെ ജ്യോതിസിനെ എന്‍.ഡി.എയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

മുതിര്‍ന്ന സി.പി.എം നേതാവും എം.എല്‍.എയുമായിരുന്ന എന്‍.പി തണ്ടാരുടെ മരുമകനാണ് ജ്യോതിസ്. എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയന്‍ മുന്‍ സെക്രട്ടറി പരേതനായ പി.കെ സുരേന്ദ്രന്റെ മകനായ ജ്യോതിസ് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗമാണ്. ചേര്‍ത്തല കോടതിയിലെ അഭിഭാഷകനാണ്. മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ പി.എസ് ശ്രീനിവാസന്‍ പിതാവിന്റെ അമ്മാവനാണ്.

സി.പി.എമ്മില്‍ നിരവധി ചെറുപ്പക്കാര്‍ അവഗണന സഹിക്കുന്നുണ്ടെന്നും അവരെല്ലാം പാര്‍ട്ടി വിട്ട് പുറത്തുവരുമെന്നും ജ്യോതിസ് പറഞ്ഞു. മന്ത്രിമാരായ തോമസ് ഐസക്കും, ജി.സുധാകരനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്തായത് ഈ അവഗണനയുടെ തെളിവാണ്. സി.പി.എം ചില മാഫിയകളുടെ പിടിയിലാണെന്നും ജ്യോതിസ് ആരോപിച്ചു. ചെറുപ്പക്കാരുടെ ഭാവി ഇല്ലാതാക്കുന്ന സമീപനമാണ് ഇടത് മുന്നണി സ്വീകരിക്കുന്നത്. തന്നോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പലരും വീടുകളില്‍ കഴിയുകയാണെന്നും ജ്യോതിസ് മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിയുടെ ആറന്‍മുള സ്ഥാനാര്‍ത്ഥിയും സി.പി.എം നേതവായിരുന്ന ബിജു മാത്യുവാണ്. കഴിഞ്ഞ തവണ ആറന്‍മുളയിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വീണ ജോര്‍ജ്ജിന്റെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചതും ബിജു മാത്യുവാണ്. ഇക്കഴിഞ്ഞ തദ്ദേശതെരെഞ്ഞെടുപ്പില്‍ പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ഉള്ളന്നൂര്‍ ഡിവിഷനില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചയാളാണ് ബിജു മാത്യു. എന്നാല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ സി.പി.എമ്മിലാണ് യഥാര്‍ത്ഥത്തില്‍ അമ്പരപ്പുണ്ടായത്.

സിപിഎം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മിനര്‍വ്വ മോഹനാണ് ബി.ജെ.പിയുടെ കോട്ടയം നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച മിനര്‍വ്വ മൂന്ന് തവണ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ കോട്ടയത്തെ സ്വീകരണ വേദിയിലാണ് വച്ചാണ് മിനര്‍വ്വ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇത്തരത്തില്‍ നിരവധി പേരാണ് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.

Comments (0)
Add Comment