പാർട്ടി ഗ്രാമത്തിൽ മത്സരിച്ചു ; യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാടക വീട് ഒഴിപ്പിച്ച് സിപിഎം നേതാവിന്‍റെ പ്രതികാരം

 

കണ്ണൂർ : കണ്ണൂരിൽ വീണ്ടും സിപിഎമ്മിന്‍റെ പ്രതികാര രാഷ്ട്രീയം. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി ഗ്രാമത്തിൽ മത്സരിക്കാൻ തയ്യാറായതിന്‍റെ പേരിൽ യുഡിഎഫ് വനിതാ സ്ഥാനാർത്ഥിയെയും കുടുംബത്തെയും  നേതൃത്വം ഇടപെട്ട് വാടക വീട്ടിൽ നിന്ന് ഒഴിപ്പിച്ചു. പട്ടുവം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മുറിയാത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി സ്റ്റെല്ല ഡൊമിനിക്കിനും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്.

പട്ടുവത്ത് താമസിച്ചു വരികയായിരുന്ന സ്റ്റെല്ലയും കുടുംബവും നാല് മാസം മുമ്പാണ് വീട് വിറ്റ് തളിപ്പറമ്പിലെ പാർട്ടി ഗ്രാമമായ കൂവോടെ വാടക വീട്ടിൽ താമസം തുടങ്ങിയത്. മുറിയാത്തോട് വാർഡില്‍ സ്റ്റെല്ല മത്സരിക്കുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. കൂവോട് പിഎച്ച്സിക്ക് സമീപം സിപിഎം ലോക്കൽ സെക്രട്ടറി ജയന്‍റെ വീട്ടിലായിരുന്നു സ്റ്റെല്ലയും കുടുംബവും  വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ വീട്ടിലെത്തി സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കൾ ഇവരെ ഭീഷണിപ്പെടുത്തിയെങ്കിലും സ്റ്റെല്ല മത്സര രംഗത്ത് ഉറച്ചു നിന്നു. ഇതോടെയാണ് വീട്ടുടമയായ പാർട്ടി നേതാവിൽ സമ്മർദ്ദം ചെലുത്തി സിപിഎം സ്റ്റെല്ലയെയും കുടുംബത്തെയും  വാടക വീട്ടിൽ നിന്നും ഒഴിപ്പിച്ചത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധയായതിന്റെ പേരിലാണ് യുഡിഎഫ് വനിതാ സ്ഥാനാർത്ഥിയെയും കുടുംബത്തെയും സി പി എം വാടക വീട്ടിൽ നിന്നും ഒഴിപ്പിച്ചത്. കൂവോടെ വാടക വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥിയും കുടുംബവും തളിപ്പറമ്പ് നഗരത്തോട് ചേർന്ന പ്രദേശത്ത് താമസംമാറി .തിരഞ്ഞെടുപ്പ് പ്രചാരണവുമായി സ്റ്റെല്ല മുന്നേറുകയാണ്.

Comments (0)
Add Comment