തൃശൂരില്‍ സി.പി.എം നേതാവിനെ കുത്തി കൊലപ്പെടുത്തി ; പിന്നില്‍ ബി.ജെ.പിയെന്ന് സി.പി.എം

തൃശൂർ : കുന്നംകുളത്തിനടുത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്തി. ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപാണ് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. ബി.ജെ.പി- ബജ്റംഗ്ദൾ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

ഇന്നലെ രാത്രി 11 മണിയോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാടാണ് സംഭവം. സനൂപ് അടക്കം നാല് സി.പി.എം പ്രവർത്തകർ ചിറ്റിലങ്ങാടുള്ള സുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് പ്രദേശവാസികളായ ചിലരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് തിരിച്ചുവരുന്ന വഴിയിൽ എട്ടോളം ബി.ജെ.പി- ബജ്റംഗ്ദൾ പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം പറയുന്നു.

നെഞ്ചിന് താഴെ കുത്തേറ്റ സനൂപ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറംഗ അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന കാർ കുന്നംകുളം താലൂക്ക് ആശുപത്രിക്ക് സമീപത്തുനിന്നും പോലീസ് കണ്ടെത്തി.

Comments (0)
Add Comment