ആലപ്പുഴ : സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയും വെട്ടിനിരത്തലിലെ പ്രതിഷേധവും സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതിനിടെ ചേർത്തലയിലെ സിപിഎം നേതാവ് പാർട്ടി വിട്ട് എന്‍ഡിഎ സ്വതന്ത്രനായി മത്സരിക്കുന്നതും നേതൃത്വത്തെ ഞെട്ടിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന പി.എസ് ജ്യോതിസാണ് പാർട്ടി വിട്ട് എൻ.ഡി.എ സ്വതന്ത്രനായി ചേർത്തലയിൽ മത്സരിക്കുന്നത് . 25 വർഷത്തിലധികമായി സി.പി.എമ്മിൽ പ്രവർത്തിക്കുന്ന ജ്യോതിസ് മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക ഇന്ന് രാവിലെ 11 ന് പ്രഖ്യാപിക്കാനിരിക്കെ പാർട്ടിക്കുള്ളില്‍ പരസ്യ പ്രതിഷേധവും കൂട്ടരാജിയും എല്ലാം തുടരുകയാണ്. പൊന്നാനിയിൽ വെളിയങ്കോട്, പൊന്നാനി ടൗൺ ലോക്കൽ കമ്മിറ്റികളിൽ നിന്നായി പത്ത് പേരാണ് പാർട്ടിയില്‍ നിന്ന് രാജി വെച്ചത്. എരമംഗലം ലോക്കൽ കമ്മിറ്റിയിലെ 5 പേർ ഇന്നലെ രാജിവച്ചിരുന്നു. പ്രതിഷേധം തണുപ്പിക്കാൻ ശ്രമം ആരംഭിച്ചെങ്കിലും നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പ്രവർത്തകരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിക്ക് പുറമെ കേരള കോൺഗ്രസിന് റാന്നി, കുറ്റ്യാടി സീറ്റുകൾ സിപിഎം വിട്ടുനൽകിയതിലും പാർട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് വിറ്റെന്നാണ് വിമർശനം ഉയരുന്നത്. റാന്നി മണ്ഡലത്തിലെ മുഴുവൻ ലോക്കൽ കമ്മിറ്റികളും പ്രതിഷേധം അറിയിച്ചു. പ്രതിഷേധപ്രകടവും അരങ്ങേറി. പൊന്നാനി, കോങ്ങാട്, മഞ്ചേശ്വരം, മലമ്പുഴ, ആലപ്പുഴ, കളമശേരി, അരുവിക്കര എന്നിവിടങ്ങളിലെല്ലാം സ്ഥാനാർത്ഥി നിർണയത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.