സ്പിരിറ്റ് കടത്ത് കേസ്: സി.പി.എം നേതാവ് അത്തിമണി അനില്‍ പിടിയില്‍

Jaihind Webdesk
Sunday, May 5, 2019

Athimani-Anil

സ്പിരിറ്റ് കടത്ത് കേസിൽ ഒളിവിലായിരുന്ന സി.പി.എം നേതാവ് അത്തിമണി അനിൽ പിടിയിൽ. ചിറ്റൂർ റേഞ്ച്എക്‌സൈസ് സംഘമാണ് അനിലിനെ പിടികൂടിയത്. 525 ലിറ്റര്‍ സ്പിരിറ്റ് കടത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ മൂന്ന് ദിവസമായി  ഒളിവിലായിരുന്നു. എക്‌സൈസ് ഇന്‍റലിജൻസ് സ്‌ക്വാഡാണ് പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് 525 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്.

അത്തിമണി അനിൽ വ്യാജ കളള് നിർമാണത്തിലെ പ്രധാന കണ്ണിയാണ്. പിടിയിലായ സഹായി മണിയിൽ നിന്നാണ് ഇയാളെക്കുറിച്ചുളള വിവരം എക്‌സൈസിന് ലഭിച്ചത്. ജില്ലയിലെ സി.പി.എം നേതാക്കളുമായും ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. നേരത്തെ അതിർത്തി പ്രദേശത്ത് പിടികൂടിയ 2,000 ലിറ്ററിലേറെ സ്പിരിറ്റ് കടത്തലിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം.

മാസങ്ങളായി എക്‌സൈസ് ഇന്‍റലിജൻസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. അതേസമയം അനിലിനെ വഴിവിട്ട് സഹായിക്കുന്ന ചിറ്റൂർ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണുളളത്. എക്‌സൈസിന് പിടികൊടുക്കാതെ കഴിഞ്ഞ ദിവസം മീനാക്ഷിപുരം ചെക്‌പോസ്റ്റ് വഴിയാണ് അനിൽ പൊളളാച്ചിയിലേക്ക് രക്ഷപെട്ടത്.

teevandi enkile ennodu para