മന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കം ; സി.പി.എം-കേരള കോണ്‍ഗ്രസ് ഉഭയകക്ഷി അലസിപിരിഞ്ഞു

തിരുവനന്തപുരം : രണ്ട് മന്ത്രി സ്ഥാനം വേണമെന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ പിടിവാശിയിൽ മന്ത്രിസ്ഥാനത്തെ ചൊല്ലി സി.പി.എം- കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. റവന്യൂ, കൃഷി വകുപ്പുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് സി.പി.എ മ്മിനെ പ്രതിസന്ധിയിലാക്കി. അഞ്ച് എംഎല്‍എമാരുള്ള പാര്‍ട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യം.

റവന്യൂ, കൃഷി വകുപ്പുകളാണ് പാർട്ടി ആവശ്യപ്പെടുന്നത്. ഈ വകുപ്പുകൾ ഇപ്പോൾ സി.പി ഐയുടെ കൈവശമാണ് ഉള്ളത്. ഇതു വിട്ടുനൽകാൻ സി.പി.ഐ തയാറാല്ല. ആവശ്യപ്പെടുന്ന രണ്ട് വകുപ്പുകളും കിട്ടിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിലാണ് ജോസ് വിഭാഗത്തിന്‍റ നോട്ടം. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ് എന്നിവര്‍ക്ക് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നത്.

ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് കിട്ടിയേ തീരുവന്നാണ് പാർട്ടി നിലപാട്. മന്ത്രി സ്ഥാനം വേണമന്ന് റോഷിയുടെയും ജയരാജന്‍റെയും പിടിവാശിയാണ് ഇതിന് കാരണം. അതേസമയം എൽജെഡിക്ക് മന്ത്രി സ്ഥാനം നൽകില്ല. ജെഡിഎസുമായി ലയിച്ചാൽ ഇക്കാര്യം പരിശോധിക്കാമെന്നാണ് സിപിഎം നിലപാട്.

ഇതേചൊല്ലി എൽജെഡിയിൽ കലഹം രൂക്ഷമാണ്. കഴിഞ്ഞ തവണ മന്ത്രി സ്ഥാനം ലഭിച്ച കടന്നപ്പള്ളി രാമചന്ദ്രന് ഇക്കുറി കാബിനറ്റിൽ പ്രവേശനം ലഭിക്കില്ല. എൻസിപിക്ക് ഒരു മന്ത്രി സ്ഥാനം ലഭിക്കും. അഞ്ച് തവണ തുടർച്ചായി വിജയിച്ച കോവൂർ കുഞ്ഞുമോൻ ഇത്തവണയും പുറത്താകും. കെ.ബി ഗണേഷ് കുമാർ, ആന്‍റണി രാജു എന്നിവരുടെ കാര്യത്തിൽ സിപിഎം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Comments (0)
Add Comment