ആ ‘ക്യാപ്സൂളും’ ലക്ഷ്യംതെറ്റി ; ഐഫോണ്‍ വിവാദം ഏറ്റെടുക്കേണ്ടെന്ന് സി.പി.എം

Jaihind News Bureau
Friday, October 2, 2020

 

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ ഐഫോണ്‍ ‘ക്യാപ്സൂള്‍’ ലക്ഷ്യംതെറ്റിയതിനുപിന്നാലെ നിലപാട് മാറ്റി സിപിഎം. പ്രതിപക്ഷ നേതാവിനെതിരായ  ആരോപണം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിച്ചു.

2019 ഡിസംബർ രണ്ടിന് നടന്ന യുഎഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകാൻ
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വാങ്ങിയ ഐഫോണുകളിൽ ഒരെണ്ണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയെന്ന യുണീടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍റെ ആരോപണം ഏറ്റെടുക്കേണ്ടതില്ലെന്നാണ് സി.പി.എം സെക്രട്ടേറിയറ്റിന്‍റെ തീരുമാനം.

ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തൽ. എന്നാൽ ഈ ആരോപണത്തെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരുന്നു. തനിക്ക് ആരും ഐ ഫോൺ തന്നിട്ടില്ലെന്നും വില കുറഞ്ഞ ഇത്തരം ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞതോടെ തെറ്റായ അരോപണം ഏറ്റെടുക്കുന്നതിൽ നിന്ന് സി.പി.എം പിന്മാറുകയായിരുന്നു. ഇത് സംബന്ധിച്ച് വ്യക്തിപരമായ ആരോപണം വേണ്ടെന്ന് നേതാക്കൾക്ക് സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശവും നൽകി.

സർക്കാരിനെ ഏറെ വിവാദത്തിലാക്കിയ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണത്തെ ചുറ്റിപ്പറ്റി നടന്ന കോഴയിടപാട് അന്വേഷിക്കുന്ന സിബിഐയെ തടയാൻ ഓർഡിനൻസ് വേണ്ടെന്ന് യോഗത്തിൽ തീരുമാനമായി. ഓർഡിനൻസ് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.