‘ഇ.എം.എസ്, എ.കെ.ജി എന്നുകൂടി പറയൂ’ ; കുട്ടി പ്രാസംഗികനോട് സിപിഎം നേതാവ് ; ചിരിപടർത്തി വീഡിയോ

Jaihind Webdesk
Sunday, August 15, 2021

തിരുവനന്തപുരം : സിപിഎമ്മിന്‍റെ ആദ്യ സ്വാതന്ത്യദിനാഘോഷത്തിനിടയിലെ അബദ്ധങ്ങളാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. എകെജി സെന്ററിലെ പതാക ഉയര്‍ത്തലിനിടെ ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണത്തിലും വിമര്‍ശനം ശക്തമാകുകയാണ്. സിപിഎം പതാകയോട് ചേർന്ന് ദേശീയ പതാക ഉയർത്തിയതാണ് വിവാദമായത്.

ഇപ്പോഴിതാ പാർട്ടിയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടയിലെ  ഏറെ രസകരമായ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഒരു കുട്ടിയുടെ പ്രസംഗത്തിൽ സിപിഎം നേതാവ് നടത്തിയ ഇടപെടലാണ് ചിരിപടർത്തിയത്. സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ എടുത്ത് പറഞ്ഞായിരുന്നു കുട്ടിയുടെ പ്രസംഗം.

മഹാത്മ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, മൗലാന അബ്ദുൾകലാം ആസാദ്, സരോജിനി നായിഡു തുടങ്ങിയവരുടെ ത്യാഗത്തെയും സഹനത്തെയും വാഴ്ത്തി പറഞ്ഞാണ് കുട്ടി പ്രസംഗിച്ചത്. ഇതിനിടെ അടുത്ത് നിന്ന നേതാവ് കുട്ടിയെ തൊട്ടുവിളിച്ച്  ചില പേരുകൾ കൂടി നിർദേശിച്ചു. ഇഎംഎസ്, എകെജി, പി.കൃഷ്ണപിള്ള എന്നിവരുടെ പേര് കൂടി പറയാനായിരുന്നു നിര്‍ദേശം. പ്രസംഗം നിർത്തിയ കുട്ടി നിർദേശത്തിന് അനുസരിച്ച് ‘ഇ.എം.എസ്, എ.കെ.ജി എന്നിവരുടെ ത്യാഗത്തിന്റെ ഫലമാണ് ഈ സ്വാതന്ത്ര്യം എന്നുകൂടി  കൂട്ടിച്ചേർത്തു. ഈ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.