ആ ജീവനെടുത്തത് എന്തിനുവേണ്ടി? അരിയില്‍ ഷുക്കൂർ വധത്തില്‍ പ്രതിരോധത്തിലായി സിപിഎം

 

കണ്ണൂർ : ഷുക്കൂർ വധത്തിലേക്ക് നയിച്ച സംഭവമായ പി ജയരാജൻ വധശ്രമക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ട സംഭവത്തിൽ സിപിഎം കടുത്ത പ്രതിരോധത്തിൽ. അരിയിൽ ഷുക്കൂറിന്‍റെ വധത്തിലേക്ക് നയിച്ച കേസായാണ് ഈ അക്രമം അറിയപ്പെട്ടത്. ജില്ലാ സെക്രട്ടറിയടക്കമുള്ളവരെ ആക്രമിച്ചതിന്‍റെ വൈകാരിക പ്രതിഫലനമായാണ് ഷുക്കൂർ കൊല്ലപ്പെട്ടതെന്നായിരുന്നു സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണം. വധശ്രമത്തിന് തെളിവില്ലെങ്കിൽ ഷുക്കൂറിന്‍റെ ജീവന് ആരുത്തരം പറയുമെന്ന ചോദ്യമാണ് സിപി എമ്മിനെ പ്രതിരോധത്തിലാക്കുന്നത്.

മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 12 പേരെ കണ്ണൂര്‍ അസിസ്റ്റന്‍റ് സെഷന്‍സ് കോടതി വെറുതെ വിട്ടത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍, എംഎല്‍എ ആയിരുന്ന ടിവി രാജേഷ് തുടങ്ങിയവര്‍ സഞ്ചരിച്ച വാഹനം ഒരും സംഘം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മാരക ആയുധങ്ങളുമായെത്തി അക്രമിച്ചെന്നായിരുന്നു കേസ്. പി ജയരാജനെ അക്രമിച്ച കേസിൽ 15 പ്രതികളാണ് ഉണ്ടായിരുന്നത്. 12 പേരെ വെറുതേ വിട്ടു. രണ്ടുപേരുടെ വിചാരണ പയ്യന്നൂർ കോടതിയിൽ നടക്കുകയാണ്. ഒരാളുടെ വിചാരണ തലശേരി ജുവനൈൽ കോർട്ടിലുമാണ്.

2012 ഫെബ്രുവരി 20ന് കണ്ണൂർ അരിയിൽ വെച്ചാണ് സംഭവം നടന്നത്. അന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജനെയും കല്യാശേരി മണ്ഡലം എംഎൽഎ ടിവി രാജേഷിനെയും തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. പട്ടുവം അരിയിൽ പ്രദേശത്ത് മുസ്‌ലിം ലീഗ് – സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാളെ കാണാനെത്തിയതായിരുന്നു ഇവർ. ഈ സംഭവത്തിൽ പങ്കാളിയാണെന്ന് സിപിഎം ആരോപിച്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റി എംഎസ്എഫ് ട്രഷറർ അരിയിൽ അബ്ദുള്‍ ഷുക്കൂറിനെ അന്നത്തെ ദിവസം വൈകിട്ട് കീഴറയിൽ വെച്ച് ഒരു സംഘം സിപിഎം പ്രവർത്തകർ കൊലപ്പെടുത്തി.

പാർട്ടി വിചാരണ നടത്തി വധിച്ചു എന്ന് രാഷ്ട്രീയാരോപണം നേരിട്ട ഷുക്കൂർ വധക്കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്. അതിനിടെയാണ് അരിയിൽ ആക്രമണക്കേസിൽ പി ജയരാജന്‍റെയും സിപിഎമ്മിന്‍റെയും വാദം കോടതിയിൽ പൊളിയുന്നത്. ഷുക്കൂറിനെ കൊന്നത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. വധശ്രമത്തിന് തെളിവില്ലെങ്കില്‍ ഷുക്കൂറിന്‍റെ ജീവന് ആരുത്തരം പറയുമെന്ന ചോദ്യമാണ് സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുന്നത്. പി ജയരാജനെ ആക്രമിച്ച കേസിൽ പ്രതികളെ വെറുതെവിട്ട ദിവസം വിധിയെ കുറിച്ച് പ്രതികരിക്കാൻ സിപിഎം നേതാക്കൾ ആരും തയാറായിട്ടില്ല. വിധി പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ് സിപിഎം നേതാവ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

Comments (0)
Add Comment