തകര്‍ന്നടിഞ്ഞ് സി.പി.എം; ചോദ്യചിഹ്നമായി പാര്‍ട്ടിയുടെ നിലനില്‍പ്

Jaihind Webdesk
Thursday, May 23, 2019

ലോക്സഭാ തെരഞ്ഞടുപ്പ് ഫലം പുറത്തുവന്നതോടെ സി.പി.എമ്മിന്‍റെ നിലനില്‍പ് തന്നെ ചോദ്യ ചിഹ്നമാവുകയാണ്. ബംഗാളിലും ത്രിപുരയിലും തകർന്ന സി.പി.എം കേരളത്തിലെ വൻ തോൽവിയോടെ സമ്പൂർണ തകർച്ചയിലേക്ക് നീങ്ങുകയാണ്.

ബംഗാളിലും ത്രിപുരയിലും പ്രതീക്ഷ കൈവിട്ട സി.പി.എമ്മിന് കേരളം മാത്രമായിരുന്നു ആകെയുണ്ടായാരുന്ന പ്രതീക്ഷ. എന്നാൽ കേരളത്തിൽ കേവലം ഒരു സീറ്റിൽ മാത്രമാണ് സി.പി.എമ്മിന് വിജയിക്കാൻ കഴിഞ്ഞത്.  ഡി.എം.കെയുമായുള്ള സഖ്യത്തെ തുടർന്ന് തമിഴ്നാട്ടിൽ രണ്ട് സീറ്റിൽ ജയിക്കാൻ കഴിഞ്ഞതാണ് ഏക ആശ്വാസം.  പക്ഷേ ഇത് സി.പി.എമ്മിന്‍റെ നേട്ടമായി കണക്കാക്കാൻ കഴിയില്ല. പാർട്ടിക്ക് വേരോട്ടമുള്ള കേരളത്തിൽ ഒരു സീറ്റിൽ മാത്രമാണ് വിജയം നേടിയത്. ദേശീയ തലത്തിൽ തന്നെ സി.പി.എമ്മിന്‍റെ പ്രസക്തി ഇതോടെ നഷ്ടമായി. ദേശീയ പാർട്ടി പദവിയും തുലാസിലായി. ത്രിപുരയിലെ തോൽവിക്ക് കോൺഗ്രസിനെയാണ് സി.പി.എം അന്ന് പഴിചാരിയത്. എന്നാൽ ബംഗാളിലെ സി.പി.എം നേതാക്കളും പ്രവർത്തകരും ബി.ജെ.പിയിലേക്കാണ് പോയത്. അന്ധമായ മമത വിരോധത്തിൽ സി.പി.എം ബംഗാളിൽ ബി.ജെ.പിയെ പിന്തുണച്ചു.  അവിടെ സി.പി.എമ്മിനെ ദുർബലപ്പെടുത്തിയാണ് ബി.ജെ.പി കളം പിടിക്കുന്നത്.  സി.പി.എമ്മിനെ തള്ളി മാറ്റി മമതയുടെ പ്രധാന എതിരാളിയാകാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലവും ഇതാണ് സൂചിപ്പിക്കുന്നത്.

ദേശീയ തലത്തിൽ സി.പി.എം കേരള ഘടകത്തിന്‍റെ താൽപര്യങ്ങൾ മാത്രമാണ് നടപ്പായിരുന്നത്. കേരളത്തിലെ തോൽവിയോടെ മൂന്ന് പി.ബി അംഗങ്ങൾ ഉള്ള കേരള ഘടകത്തിന്‍റെ പ്രാധാന്യവും നഷ്ടമാകും. സി.പി.എമ്മിന്‍റെ അതേ അവസയിലാണ് സി.പി.ഐയും ഉള്ളത്. ഡി.എം.കെ സഖ്യത്തിൽ തമിഴ്നാട്ടിൽ നേടിയ രണ്ട് സീറ്റാണ് അവർക്ക് ഉള്ളത്.  കേരളത്തിൽ സി.പി.ഐ സംപൂജ്യരായി. നിലവിലെ സാഹചര്യത്തിൽ ഇടതു കക്ഷികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാധാന്യമില്ലാത്ത ഒരു ഘടകമായി മാറുകയാണ്.