പരാജയഭീതിയിൽ വിറളി പൂണ്ട സി.പി.എമ്മിന് തൊട്ടതെല്ലാം പിഴയ്ക്കുന്നു

Jaihind Webdesk
Tuesday, March 26, 2019

പരാജയഭീതിയിൽ വിറളി പൂണ്ട സി.പി.എമ്മിന് തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കൂടി കേട്ടതോടെ പൂർണമായും കാര്യങ്ങൾ കൈവിട്ടു. പരാജയഭീതിയിൽ കാട്ടിക്കൂട്ടുന്നതെല്ലാം തിരിച്ചടിയാവുകയാണ്. മന്ത്രി കെ.ടി ജലീലിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണിപ്പോൾ സെൽഫ് ട്രോളായി പാർട്ടിയെ തന്നെ തിരിച്ചടിക്കുന്നത്.

”പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽജി ! പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്” രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം വാർത്തയായതിന് പിന്നാലെ മന്ത്രി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണിത്. സി.പി.എം ദേശീയതലത്തിൽ എലി ആണെന്ന് തുറന്നുസമ്മതിക്കുകയാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെയ്തതെന്ന് കമൻറുകളും വന്നതോടെ പോസ്റ്റ് സെൽഫ് ട്രോളായി മാറി. കേരളത്തെയാണ് എലിമാളമെന്ന് ഉദ്ദേശിച്ചതെങ്കിൽ അവിടെയും ഇടതുമുന്നണി തന്നെ എലിയെന്ന് സംശയലേശമില്ലാതെ ഏവരും ശരിവെക്കുന്നു. മുഖ്യമന്ത്രിയെ എലി എന്ന് വിളിച്ചത് ശരിയായില്ലെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. മന്ത്രി എലിമാളം എന്ന് സൂചിപ്പിച്ചത് വയനാടിനെയാണ് എന്നതാണ് ഒരു ആക്ഷേപം. മണ്ഡലത്തെയും മുന്നണിയെയും ഇതര ഭാഷ സംസാരിക്കുന്നവരെയും മറ്റു പാർട്ടി നേതാക്കളെയും പരിഹസിച്ച മന്ത്രി രാജിവെക്കണമെന്നുവരെ സോഷ്യൽ മീഡിയയിൽ പ്രതികരണം വന്നുകഴിഞ്ഞു.

എന്തായാലും ശത്രുവിനെ കടിച്ചുകീറാൻ വരുന്ന സിംഹമാണ് രാഹുൽ ഗാന്ധി എന്ന കമൻറുകളും കൂടിയതോടെ മന്ത്രിയുടെ പോസ്റ്റ് ദുരന്തം പൂർണമായി.

ദേശീയ പാർട്ടി പദവി നിലനിർത്താൻ പാടുപെടുന്ന സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് രാഹുൽ ഗാന്ധിയുടെ വരവ്. സി.പി.എമ്മിൻറെ ഏക പിടിവള്ളിയായ കേരളം യു.ഡി.എഫ് തൂത്തുവാരുമെന്ന് മനസിലായതോടെ വിറളി പൂണ്ടിരിക്കുകയാണ് സി.പി.എം. എന്തായാലും പരാജയഭീതിയിൽ കാട്ടിക്കൂട്ടുന്നതെല്ലാം ഇടതുമുന്നണിയെ തന്നെ തിരിഞ്ഞുകൊത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്.