ന്യൂഡല്‍ഹി: വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ് സിപിഎമ്മും നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നത്. സർക്കാരിന്‍റെ ഭരണ പരാജയം മറയ്ക്കാനാണ് സിപിഎം വിവാദം ആളിക്കത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറഞ്ഞത്:
സംഘപരിവാർ ചെയ്യുന്നത് പോലെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന് ഞാൻ ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി അതിനെ ഗോൾവാൾക്കറുടെ വിചാരധാരയോടാണ് ഉപമിച്ചത്. എം.വി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോൾവാക്കൾറേയും തിരിച്ചറിയാൻ പറ്റില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും? പാർട്ടി സെക്രട്ടറി ആയി ഇരുന്ന് അദ്ദേഹം സി.പി.എമ്മിനെ ഒരു പരുവത്തിലാക്കുന്നുണ്ട്. ഞങ്ങൾ അതിനെ തടസപ്പെടുത്തേണ്ട കാര്യമില്ല.
വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ് സി.പി.എമ്മും നടപ്പാക്കുന്നത്. എരിതീയിൽ എണ്ണ ഒഴിക്കണ്ട, വിവാദം ആളിക്കത്തിക്കണ്ട. അത് തീരട്ടെ എന്നാണ് പ്രതിപക്ഷം നിലപാടെടുത്തത്. സർക്കാരിന്റെ ഭരണ പരാജയം മറയ്ക്കാനാണ് സി.പി.എം വിവാദം ആളിക്കത്തിക്കുന്നത്.
പോലീസിന്റെ അവസ്ഥ എന്താണ് ? പോലീസ് ജനങ്ങളുടെ മുന്നിൽ പരിഹാസ്യരായി നിൽക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപക സംഘം പോലീസിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു. സ്ത്രീകളെ അധിക്ഷേപിച്ചു എന്നതിന്റെ പേരിൽ സി.പി.എം നേതാക്കൾക്കെതിരെ പാർട്ടി നടപടി എടുക്കുന്നു. സ്ത്രീകളെ അധിഷേപിച്ചാൽ പോലീസ് കേസ് വേണ്ടെ? സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെയുള്ളവർ കിട്ടിയ പരാതികൾ പോലീസിന് കൈമാറണം. ഇപ്പോൾ തൃശൂരിലെ DYFI നേതാവിന് എതിരെ പാർട്ടി നടപടി എടുക്കുന്നു. പാർട്ടി നടപടി എടുത്താൽ സ്ത്രീകളെ അധിക്ഷേപിച്ച കേസ് ഇല്ലാതാകുമോ?
രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുന്നു. ധൂർത്തിന് ഒരു കുറവും ഇല്ല. സപ്ലെകോ അടച്ചു പൂട്ടുന്നതിന്റെ വക്കിലാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകർത്തു തരിപ്പണമാക്കി. പരിതാപകരമായി മാറിയ കേരളത്തിലെ ഭരണരംഗം പൊതു സമൂഹത്തിൽ ചർച്ചയാകാതിരിക്കാൻ സി.പി.എം വർഗീയത ചർച്ച ചെയ്യുന്നു. വർഗീയ വാദികൾക്ക് ആയുധം കൊടുത്തിട്ട് അവരുമായി ഏറ്റുമുട്ടുകയാണ് സി.പി.എം. വിശ്വാസത്തെ ഹനിക്കുന്ന സ്പീക്കറുടെ പ്രസംഗം ആളിക്കത്തിച്ചത് സി.പി.എമ്മാണ് . വിഷയം കെട്ടടങ്ങണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. സ്പീക്കർ അത് തിരുത്തി കഴിഞ്ഞാൽ പ്രശ്നം തീർന്നു.
വിശ്വാസം വിശ്വാസത്തിന്റെ വഴിക്ക് പോകട്ടെ. അതിനെ ശാസ്ത്രവുമായി കൂട്ടുകെട്ടുന്നത് ഉചിതമല്ല. ഇതൊരു സങ്കീർണ്ണമായ സമൂഹമാണ്. തക്കം പാർത്ത് ആളുകൾ ഇരിക്കുകയാണ്. എരിതീയിൽ എണ്ണ ഒഴിച്ച് ആളികത്തിക്കുന്നവർക്കൊപ്പം സി.പി.എം എന്തിനാണ് നിൽക്കുന്നത്. സംഘപരിവാറും സി.പി.എമ്മും ഒരേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. വീണ്ടും വാശി പിടിച്ച് പോകേണ്ട കാര്യം സി.പി.എമ്മിനില്ല. തീപ്പൊരി വീണാൽ ആളിക്കത്തുന്ന കാലമാണെന്ന് എല്ലാവരും മനസിലാക്കണം. ഇത്തരം വിഷയങ്ങളുടെ മറവിൽ ഭരണപരാജയം മറച്ചു വയ്ക്കാനാണ് സി.പി.എം ശ്രമം. മറ്റൊരു ചർച്ചയിലേക്ക് പോകാൻ അവർ ആഗഹിക്കുന്നില്ല. അങ്ങനെ വന്നാൽ സർക്കാർ പ്രതികൂട്ടിൽ നിൽക്കുന്ന അവസ്ഥ വരും.