ഹരിയാനയില്‍ ‘കൈ പിടിച്ച്’ സിപിഎം; ഒരു സീറ്റില്‍ മത്സരിക്കും

ഡല്‍ഹി: ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ച് സിപിഎം. 89 സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സിപിഎമ്മുമായിരിക്കും മത്സരിക്കുക. ഭിവാനി സീറ്റാണ് സിപിഎമ്മിന് വിട്ട് നല്‍കിയത്. പ്രാദേശിക സിപിഎം നേതാവ് ഓം പ്രകാശ് സ്ഥാനാര്‍ത്ഥിയാവും. ഇദ്ദേഹം സിപിഎം സംസ്ഥാന കമ്മറ്റി അംഗവും ഭിവാനി ജില്ലാ സെക്രട്ടറിയുമാണ്.

37 വര്‍ഷം മുമ്പാണ് ഹരിയാനയില്‍ ഒരു സ്ഥാനാര്‍ത്ഥി സിപിഎം ടിക്കറ്റില്‍ ഏറ്റവും ഒടുവില്‍ മത്സരിച്ച് ജയിച്ചത്. മുന്‍ മന്ത്രിയും ബിജെപി സിറ്റിംഗ് എംഎല്‍എയുമായ ഘനശ്യാമാണ് ഭിവാനിയില്‍ സിപിഎമ്മിന്റെ മുഖ്യ എതിരാളി. 1987 ല്‍ തൊഹാന മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഹര്‍പാല്‍ സിംഗാണ് ഏറ്റവും ഒടുവില്‍ വിജയിച്ച ഹരിയാനയിലെ സിപിഎം നിയമസഭാംഗം. ഇത്തവണ കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം മത്സരിക്കുന്നതു കൊണ്ട് സിപിഎം സ്ഥാനാര്‍ത്ഥി രക്ഷപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.

90 അംഗ നിയമ നിയമസഭയില്‍ കോണ്‍ഗ്രസ് 89 സീറ്റിലാണ് മത്സരിക്കുന്നത്. ബിജെപിക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമായതിനാല്‍ ഭരണം പിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കര്‍ഷകസമരവും, ഗുസ്തി താരങ്ങളുടെ സമരവുമെല്ലാം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായിരുന്നു ഹരിയാന. എന്നാല്‍ പ്രതികൂല നിലപാടായിരുന്നു ബിജെപി സര്‍ക്കാരുകള്‍ സ്വീകരിച്ചത്. ഇതിലൊക്കെത്തന്നെ ശക്തമായ പ്രതിഷേധം ജനങ്ങള്‍ക്കിടയിലുണ്ട്.

Comments (0)
Add Comment