സിപിഎം -ബിജെപി അവിശുദ്ധ കൂട്ടുകെട്ട്; എതിർപ്പ് വെറും പൊള്ളത്തരം : രമേശ് ചെന്നിത്തല

5 സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിർക്കുകയാണ് എന്ന പേരിൽ ബിജെപിയ്ക്ക് സിപിഎമ്മിന്‍റെ സഹായമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല. മൂന്ന് മണ്ഡലത്തിലെ കണക്ക് മാത്രം മതി ഈ പൊള്ളത്തരം തിരിച്ചറിയാനെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തെ തകർക്കാനെന്നു വലിയ വായിൽ വർത്തമാനം പറയുന്ന സിപിഎം എങ്ങനെയാണ് ബിജെപി ക്കു വിടുപണി ചെയ്യുന്നത് എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.  ദയവ് ചെയ്തു ഇനിയും ഫാസിസത്തെ പ്രതിരോധിക്കും എന്നൊക്കെ പറയരുതെന്നും ഇന്ത്യയിൽ ഫാസിസത്തിന് ചുവപ്പ് പരവതാനി വിരിച്ചു നൽകുന്ന പണിയാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

ബിജെപിയോടും സംഘ്പരിവാറിനോടും സിപിഎം കാണിക്കുന്ന എതിർപ്പ് വെറും പൊള്ളത്തരമാണ് എന്ന് രാജസ്ഥാൻ തെരെഞ്ഞെടുപ്പ് ഫലം നമ്മോടു വിളിച്ചു പറയുന്നു . എതിർക്കുകയാണ് എന്ന പേരിൽ സിപിഎം യഥാർത്ഥത്തിൽ ബിജെപിയെസഹായിക്കുകയായിരുന്നു. മൂന്ന് മണ്ഡലത്തിലെ കണക്ക് മാത്രം മതി ഇവരുടെ പൊള്ളത്തരം തിരിച്ചറിയാൻ. പിലിബംഗൻ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ആയ ധർമേന്ദ്ര കുമാർ കോൺഗ്രസ് സ്ഥാനാർഥി വിനോദ് കുമാറിനെ തോല്പിച്ചത് വെറും 278 വോട്ടിനായിരുന്നു. ഇവിടെ സിപിഎം സ്ഥാനാർഥി ആയി അരിവാൾ ചുറ്റിക ചിഹ്നത്തിൽ മത്സരിച്ച മണിറാം നേടിയത് 2659. മതേതര ചേരിയിൽ സിപിഎം വിള്ളൽ തീർത്തില്ലായിരുന്നെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നു.

ജയ്‌പൂരിനടുത്ത ഫുലേറെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വിദ്യാദർസിങ്ങിനെ ബിജെപി സ്ഥാനാർഥി നിർമൽ കുമവത് തോല്പിച്ചത് കേവലം 1132 വോട്ടിനായിരുന്നു. സിപിഎം സ്ഥാനാർഥി ബൻവാരി ലാൽ ജട്ട് നേടിയത് 3711 .

മക്റാന മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രൂപാറാം കോൺഗ്രസ് സ്ഥാനാർഥി ആയ ജാക്കീർ ഹുസൈനെ തോൽപ്പിച്ചത് വെറും 1488 നായിരുന്നു. സിപിഎം സ്ഥാനാർഥി ആയ നാരായണ റാം പെട്ടിയിലാക്കിയത് 2126 വോട്ട് ആയിരുന്നു. അതായത് സിപിഎമ്മിന് ചെയ്ത ഓരോ വോട്ടും ഗുണം ചെയ്തത് ബിജെപിക്കായിരുന്നു. ഫാസിസത്തെ തകർക്കാണെന്നു വലിയ വായിൽ വർത്തമാനം പറയുന്ന സിപിഎം എങ്ങനെയാണ് ബിജെപി ക്കു വിടുപണി ചെയ്യുന്നത് എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. മത്സരിച്ച മണ്ഡലങ്ങളിൽ രണ്ടായിരം വോട്ട് വീതമെങ്കിലും സിപിഎം അധികമായി  നേടിയിരുന്നെങ്കിൽ ബിജെപിഭരണം തുടരാൻ ഇടയാക്കുമായിരുന്നു. ദയവ് ചെയ്തു ഇനിയും ഫാസിസത്തെ പ്രതിരോധിക്കും എന്നൊക്കെ പറയരുത് ഇന്ത്യയിൽ ഫാസിസത്തിന് ചുവപ്പ് പരവതാനി വിരിച്ചു നൽകുന്ന പണിയാണ് സിപിഎം ചെയ്യുന്നത് .

 

Ramesh ChennithalabjpcpmIllegal hidden tie up
Comments (0)
Add Comment