വിമാനത്താവള സ്വകാര്യവത്ക്കരണത്തില്‍ സി.പി.എമ്മിന് പ്രതിഷേധമില്ല ; നോട്ടീസില്‍ നിന്ന് വിമാനത്താവളം നൈസായി ഒഴിവാക്കി

 

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട ടെണ്ടറില്‍ സംസ്ഥാനം ഒത്തുകളി നടത്തി എന്ന ആരോപണം ശക്തമാകുന്നതിനിടെ കേന്ദ്രത്തിനെതിരെ സി.പി.എം നടത്തുന്ന പ്രതിഷേധ നാടകത്തിലെങ്ങും ‘വിമാനത്താവള സ്വകാര്യവത്ക്കരണം’ ഇടംപിടിക്കുന്നില്ല. കേന്ദ്രത്തിനെതിരെ നടത്തുന്ന പ്രതിഷേധസമരത്തിന്‍റെ കാരണങ്ങളില്‍ വിമാനത്താവള സ്വകാര്യവത്ക്കരണം ഉള്‍പ്പെടുന്നില്ലെന്നതാണ് ശ്രദ്ധേയം.

16 ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് സി.പി.എം പ്രതിഷേധവാരം ആചരിക്കുന്നത്. എന്നാല്‍ ഇതില്‍ വിമാനത്താവള സ്വകാര്യവത്ക്കരണം സി.പി.എമ്മിന് വിഷയമേയല്ല. റെയില്‍വെ, വൈദ്യുതി, പെട്രോളിയം, ബാങ്കുകള്‍, പ്രതിരോധ ഉത്പാദന മേഖലകള്‍ തുടങ്ങിയവയുടെ സ്വകാര്യവത്ക്കരണം നിർത്തലാക്കുക എന്ന് എടുത്തുപറയുമ്പോഴാണ് വിമാനത്താവളത്തെ സൗകര്യപൂർവം വിസ്മരിച്ചു എന്നത് ശ്രദ്ധേയമാകുന്നത്.

വിമാനത്താവളം അദാനിക്ക് നല്‍കിയതിനെ പ്രത്യക്ഷമായി എതിർത്ത സംസ്ഥാന സർക്കാരും സി.പി.എമ്മും പക്ഷെ ടെണ്ടർ നടപടികള്‍ക്കായി ചുമതലപ്പെടുത്തിയത് അദാനിയുടെ ബന്ധുക്കളെ തന്നെയാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറില്‍ അമർചന്ദ് മംഗള്‍ദാസ് എന്ന കമ്പനിയുടെ ഡയറക്ടർ ബോർഡില്‍ അദാനിയുടെ മരുമകളുമുണ്ട്. സംസ്ഥാന സർക്കാരിന്‍റെ നിലപാടില്‍ സംശയവും ഒപ്പം വലിയ പ്രതിഷേധവുമാണ് ഉയരുന്നത്. സി.പി.എമ്മിന്‍റെ സമരനാടക നോട്ടീസില്‍ വിമാനത്താവളം അപ്രത്യക്ഷമായത് ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. പ്രത്യക്ഷമായി സ്വകാര്യവത്ക്കരണത്തെ എതിർക്കുകയും എന്നാല്‍ രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യുന്ന നയമാണ് സി.പി.എമ്മിനും സർക്കാരിനും എന്ന ആരോപണത്തെ കൂടുതല്‍ ശരിവെക്കുന്നതാണ് ഇത്.

 

Comments (0)
Add Comment