സിപിഎം ഗുണ്ടാ വിളയാട്ടം; കൊല്ലം കടയ്ക്കലില്‍ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം

 

കൊല്ലം: പരാതി നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് സ്റ്റേഷൻ കയറി സിപിഎം ഗുണ്ടകളുടെ ആക്രമണം. കൊല്ലം കടയ്ക്കലിലാണ് സംഭവം. അക്രമത്തിൽ കോൺഗ്രസ്‌ പ്രവർത്തകന്‍റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. പോലീസ്കാർക്ക് നേരെയും സിപിഎം ഗുണ്ടകളുടെ അക്രമമുണ്ടായി. മൂന്നു പേർ റിമാൻഡിലും മറ്റു രണ്ടുപേർ ഒളിവിലും ആണ്.

കുമ്മിൾ പഞ്ചായത്തിൽ ആദ്യമായ് ലോകസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ലീഡ് ചെയ്തിരുന്നു. ഇതിന്‍റെ ആഘോഷ പരിപാടി കഴിഞ്ഞു തിരിച്ചു പോയ കോൺഗ്രസ്‌ പ്രവർത്തകൻ ജിഷ്ണുവിന്‍റെ തല സിപിഎം ഗുണ്ടകൾ അടിച്ചു പൊട്ടിക്കുകയും കേസ് നൽകാൻ കടയ്ക്കൽ സ്റ്റേഷനിൽ എത്തി മൊഴി നൽകികൊണ്ട് ഇരിക്കുമ്പോൾ ഇതേ സിപിഎംകാരും ഗുണ്ടകളും കടക്കൽ സ്റ്റേഷന് ഉള്ളിൽ വെച്ച് തടിയും മാരക ആയുധങ്ങളും കൊണ്ട് വീണ്ടും ആക്രമിക്കുകയുമായിരുന്നു . അക്രമത്തിൽ സച്ചിൻ എന്ന കോൺഗ്രസ്‌ പ്രവർത്തകന് തലക്ക് ഉൾപ്പെടെ പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ പരിക്കുപറ്റിയ രണ്ട് പോലീസുകാരെയും പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10മണിയോടെ ആണ് സംഭവം.

സിപിഎം നേതാവും കുമ്മിൾ സ്കൂൾ പിടിഎ പ്രസിഡന്‍റുമായ  എം. കെ. സഫീറിന്‍റെ നേതൃത്വത്തിൽ എത്തിയ അഞ്ചോളം സംഘമാണ് മാരകായുധങ്ങളുമായി സ്റ്റേഷൻ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സിപിഎം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറി സജീർ മുക്കുന്നം, ഡിവൈഎഫ്ഐ പ്രവർത്തകൻ അക്ഷയ് മോഹൻ, മങ്കാട് പാൽ സൊസൈറ്റി ജീവനക്കാർ ആയ വിമൽകുമാർ (രാജു ),വിശാഖ് (ശങ്കു ) എന്നിവർ ആയിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. മുഖംമൂടി ധരിച്ചായായിരുന്നു അക്രമം. നാളുകൾക്ക് മുൻപ് സിപിഐ പ്രവർത്തകരെ ആക്രമിച്ച കേസിലും പ്രതികളാണ് ഇവരിൽ പലരും. അക്രമികളെ അറസ്റ്റ് ചെയ്യാതെ പോലീസ് പിടിച്ചു പുറത്തുകൊണ്ട് വിടുകയായിരുന്നു. തുടർന്ന് കോൺഗ്രസ്‌ പ്രവർത്തകർ സ്റ്റേഷനിൽ തന്നെ സംഘടിച്ചു ഗുണ്ടകൾക്ക് എതിരെ നടപടി ആവശ്യപ്പെട്ടു. പ്രതികൾ പോലീസ് സ്റ്റേഷൻ തന്നെ കയ്യേറിയിട്ടും നടപടി എടുക്കാത്ത പോലീസിന് എതിരെ വ്യാപക പ്രതിഷേധം ഉണ്ടായി. ഉന്നത ഉദ്യോഗസ്ഥരുമായി എംപി ഉൾപ്പടെ ഇടപെട്ടതോടെ പോലീസ് കേസെടുക്കാൻ തയ്യാറായി. തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി 12 മണിയോടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ടുപേർ പിടികൊടുക്കാതെ രക്ഷപ്പെട്ടു.

കോൺഗ്രസ്‌ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ജനവിധി അംഗീകരിക്കാൻ സിപിഎം തയ്യാറായില്ലെങ്കിൽ ഇതിലും വലിയ തോൽവിയായിരിക്കും സിപിഎമ്മിനെ കാത്തിരിക്കുന്നത് എന്ന് കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു.

.

Comments (0)
Add Comment