‘വ്യക്തിഗത പരാതികള്‍ ഊതിവീർപ്പിക്കുന്നു’ പി.എസ്.സി ഉദ്യോഗാർത്ഥികളെ പരിഹസിച്ചും മാധ്യമങ്ങളെ പഴിച്ചും സി.പി.എം മുഖപത്രം

 

തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെ പരിഹസിച്ച് സിപിഎം മുഖപത്രം ദേശാഭിമാനിയുടെ മുഖപ്രസംഗം. ഉദ്യോഗാര്‍ത്ഥികളുടെ പരാതികളെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതിനെയും ദേശാഭിമാനി പരിഹസിക്കുന്നു. കണക്കുകള്‍ മറച്ചുവെച്ച് വൈകാരികത മുതലെടുക്കാന്‍ വ്യക്തിഗത പരാതികള്‍ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുന്നുവെന്നാണ് ദേശാഭിമാനിയുടെ പക്ഷം. നുണകള്‍ നിറച്ച നിയമന വിവാദം എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ വിവാദമായ കരാർ നിയമനങ്ങളേയും പിന്‍വാതില്‍ നിയമനങ്ങളെയും കുറിച്ച് ഒരിടത്തും പ്രതിപാദിക്കുന്നില്ല.

പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ച് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ ദിവസേന പുറത്തുവരുന്നതിനിടെയാണ് ദേശാഭിമാനിയുടെ വിമര്‍ശനം. മന്ത്രിമാരുടേയും പൊളിറ്റ് ബ്യൂറോ അംഗങ്ങളുടേയും മക്കളുള്‍പ്പെടെ ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ജോലികള്‍ തട്ടിയെടുക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിനുപിന്നാലെ പാര്‍ട്ടിയുടെ യൂട്യൂബ് ചാനലിലൂടെ നിയമനങ്ങളെ ന്യായീകരിച്ച് സിപിഎം രംഗത്തെത്തിയെങ്കിലും കടുത്ത വിമര്‍ശനങ്ങളാണ് ലഭിച്ചത്.

‘സത്യം പറയുന്ന രേഖകളും കണക്കുകളും’ എന്ന പേരില്‍ ന്യായീകരണവുമായി എത്തിയ എം.ബി രാജേഷിനെ വരവേറ്റത് പി.എസ്.സി ഉദ്യോഗാർത്ഥികളുടെ രോഷമാണ്.  ലൈക്കിനേക്കാള്‍ ഡിസ്‌ലൈക്ക് ലഭിച്ച വീഡിയോയുടെ  കമന്‍റ് ബോക്സുകളില്‍ ഉദ്യോഗാര്‍ത്ഥികളുടെ അണപൊട്ടിയൊഴുകുന്ന പ്രതിഷേധമാണ് നിറഞ്ഞത്.  പാർട്ടി അനുഭാവികള്‍ പോലും എം.ബി രാജേഷിന്‍റെ വിചിത്ര ന്യായവാദത്തിനെതിരെ ശക്തമായി രംഗത്തെത്തി. യോഗ്യത ഉള്ളവരെ നോക്കുകുത്തികളാക്കി പത്താം ക്ലാസ് പാസാകാത്തവർക്ക് ലക്ഷങ്ങള്‍ ശമ്പളം നല്‍കി നിയമിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് ചിലർ രോഷം പ്രകടിപ്പിച്ചത്.

പി.എസ്.സി നിയമനം കാര്യക്ഷമമായി നടക്കാത്തതിന് എതിരെ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം ശക്തമാണ്. അഡ്വൈസ് മെമോ അയച്ചിട്ടും നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി എം.ബി രാജേഷ് രംഗത്തെത്തിയത്. എന്നാൽ, ‘പിൻവാതിൽ നിയമനത്തെ ഊളക്കണക്ക് കൊണ്ട് ന്യായീകരിക്കാൻ നാണമുണ്ടോ ?’ എന്ന മട്ടിലുള്ള ചോദ്യങ്ങളുമായി ആയിരങ്ങളാണ് പ്രതിഷേധവുമായി എത്തിയത്. ഇതിന് പിന്നാലെയാണ് ദേശാഭിമാനിയുടെ പുതിയ എഡിറ്റോറിയല്‍ ന്യായീകരണം.

Comments (0)
Add Comment