തിരുവനന്തപുരം : കെ.രാധാകൃഷ്ണനെ ദേവസ്വംമന്ത്രിയായി പ്രഖ്യാപിച്ചതിനുപിന്നാലെ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ ദളിത് മന്ത്രിയെന്ന വ്യാജപ്രചാരണവുമായി സിപിഎം. പാര്‍ട്ടിയുടേത് ചരിത്രതീരുമാനമെന്ന് വിശേഷിപ്പിച്ചാണ് സൈബര്‍ സഖാക്കളുടെ ആഘോഷം.
എന്നാല്‍ 1970-77 കാലഘട്ടത്തില്‍ സി.അച്യുതമേനോന്‍ സര്‍ക്കാരില്‍ ദേവസ്വം വകുപ്പിന്റെ ചുമതല വഹിച്ചത് ദളിത് വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് വെള്ള ഈച്ചരനായിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് സിപിഎമ്മിന്റെ സൈബര്‍ പ്രചാരണം. തുടര്‍ന്ന് 1977 ലെ ആദ്യ കെ.കരുണാകരന്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസിലെ കെ.കെ ബാലകൃഷ്ണനും 78 ലെ പി.കെ വാസുദേവന്‍ നായര്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസ് നേതാവ് ദാമോദരന്‍ കാളാശ്ശേരിയും വകുപ്പിന്റെ ചുമതല വഹിച്ചു.
പി.സി വിഷ്ണുനാഥ് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി സരിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരെ രംഗത്തെത്തി. അതിനിടെ ദേവസ്വം മന്ത്രിയായിരുന്നു എന്ന് വ്യക്തമാക്കുന്ന കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജും എഡിറ്റ് ചെയ്യപ്പെട്ടു.
ഫേക്ക് അക്കൗണ്ടുകള്‍ നിര്‍മ്മിച്ചാണ് വിവരങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിയത്. ചരിത്രത്തെ തമസ്‌കരിച്ച് പി.ആര്‍ കാമ്പയിനുകള്‍ വഴി ജനത്തെ കബളിപ്പിക്കുന്ന രാഷ്ട്രീയ അശ്ലീലം തന്നെയാണ് തെരഞ്ഞെടുപ്പിലും കണ്ടതെന്ന് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.