കോടിയേരിയെ സിപിഎം ഒഴിവാക്കിയത് തെരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Saturday, November 14, 2020

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരിയെ മാറ്റിയത് ധാർമികത കൊണ്ടല്ല, തെരഞ്ഞെടുപ്പിൽ അരാജകത്വം ഇല്ലാതായിരിക്കാൻ വേണ്ടിയാണ് എന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോടിയേരിയുടെ രാജി ആവശ്യപ്പെടുകയും മുഖ്യമന്ത്രി രാജി ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നത് പാർട്ടിയുടെ ഇരട്ടതാപ്പാണ് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

എം ശിവശങ്കരനെയും, സിഎം രവീന്ദ്രനെയും മുഖ്യമന്ത്രി പല ഘട്ടങ്ങളിലായി ന്യായീകരിച്ചു. എന്നിട്ടും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ പാർട്ടി തയ്യാറായില്ല. എല്ലാ അഴിമതിയുടെയും അതിക്രമങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി രാജി വെക്കണം. ഒരു ടീം മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. പാവപെട്ടവർക്ക് വീട് വെച്ചു നൽകേണ്ട വമ്പൻ പദ്ധതിയിൽ പോലും വലിയ അഴിമതി നടന്നിരിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കണ്ണൂർ ലോബി സംഘടിതമായി പാർട്ടിയെ തകർത്തു കൊണ്ടിരിക്കുന്നു. ഗുരുതരമായ അസുഖം ഉണ്ടായിരുന്നെങ്കിൽ ചികിത്സയുടെ സമയത്തു തന്നെ എന്ത്കൊണ്ട് കോടിയേരിയെ സ്ഥാനത്തു നിന്ന് മാറ്റി നിർത്തിയില്ല. എം. വിജയരാഘവൻ പാർട്ടി സെക്രട്ടറിയാകാൻ യോഗ്യനാണോയെന്ന് അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോർഡ് പരിശോധിക്കണം. എത്രയോ മുതിർന്ന നേതാക്കളുണ്ട് പാർട്ടിയിൽ ഉണ്ടായിരിക്കെ എന്തുകൊണ്ട് വിജയരാഘവനെ പാർട്ടി സെക്രട്ടറിയായി നിയോഗിച്ചു എന്നു പാർട്ടി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.