അയോധ്യയില്‍ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ്; ഇ.എം.എസിന്‍റെ നിർദേശം സൗകര്യപൂർവം മറന്ന് നേതാക്കള്‍

Jaihind News Bureau
Thursday, August 6, 2020

അയോധ്യ വിഷയത്തിൽ പ്രിയങ്കാ ഗാന്ധിയുടെ നിലപാടിനെ വിമർശിക്കുന്ന സിപിഎമ്മിനെ ഭൂതകാലം തിരിഞ്ഞു കൊത്തുന്നു. ബാബറി മസ്ജിദ് പൊളിച്ചു മാറ്റി പ്രശ്നം തീർക്കണം എന്ന മാർക്സിസ്റ്റ് ആചാര്യൻ ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നിർദേശം സിപിഎം ഇപ്പോൾ സൗകര്യപൂർവം മറക്കുകയാണ്.

അയോധ്യയിൽ നൂറ്റാണ്ടിലേറെ നീണ്ട ഒരു തർക്കത്തിനാണ് സുപ്രീം കോടതി വിധിയോടെ തീർപ്പുണ്ടായത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ വിധി സ്വാഭാവികമായും കോൺഗ്രസ് സ്വാഗതം ചെയ്തു. ആ വിധിയുടെ തുടർപ്രക്രിയയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം നടന്നത്. രാഷ്ട്രീയ പ്രശ്നത്തിലുപരി ഒരു നിയമപരമായ തീർപ്പിന്‍റെ മുന്നോട്ടുള്ള പോക്കിൽ കോൺഗ്രസും പ്രിയങ്കാ ഗാന്ധിയും ഒപ്പം നിന്നു എന്നതാണ് യാഥാർത്ഥ്യം.

എന്നാൽ അയോധ്യ വിഷയത്തിൽ സിപിഎം എവിടെയാണ് നിൽക്കുന്നത് എന്നത് ആ പാർട്ടിയുടെ അണികൾക്ക് പോലും വിശദീകരിക്കാനാകുന്നില്ല. തർക്കസ്ഥലത്ത് നിലകൊള്ളുന്ന ബാബറി മസ്ജിദ് പൊളിച്ചു മാറ്റി പ്രശ്നത്തിന് പരിഹാരം കാണണം എന്ന് 1967 ൽ ഇ.എം.എസ് നിർദേശിച്ചതാണ്. തിരൂരിൽ ചേർന്ന പൊതുയോഗത്തിലായിരുന്നു പരസ്യമായുള്ള ഇഎംഎസിന്‍റെ ഈ ആഹ്വാനം. ഹിന്ദുവിനെ ഇല്ലാതാക്കാൻ മുസ്ലീമിനും മുസ്ലീമിനെ ഇല്ലാതാക്കാൻ ഹിന്ദുവിനും കഴിയില്ല എന്നു കൂടി അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ചരിത്രത്തിൽ ഇങ്ങനെ മാർക്സിസ്റ്റ് ആചാര്യന്‍റെ വാക്കുകൾ മഷി പുരണ്ട് കിടക്കുമ്പോൾ വർത്തമാന കാല സാഹചര്യത്തിൽ സി പി എം സ്വീകരിക്കുന്ന ഇരട്ടത്താപ്പ് പ്രബുദ്ധ കേരളം തിരിച്ചറിയും എന്നുറപ്പാണ്.