സൗദി അറേബ്യയിലെ പ്രശ്‌നങ്ങള്‍ അറിയാന്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയ ജോര്‍ജ് വര്‍ഗീസ് നാട്ടില്‍ വാഴയ്ക്ക് തടമെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്: സി.പി.എം സൈബര്‍ പോരാളികള്‍ പ്രതിസന്ധിയില്‍

Jaihind News Bureau
Saturday, April 11, 2020

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ അറിയാന്‍ സംസാരിച്ചവരിലൊരാളയ ദമാമിലെ നവോദയ നേതാവ് ജോര്‍ജ് വര്‍ഗീസും കേരളത്തിലായിരുന്നെന്നതിന്റെ തെളിവുകള്‍ പുറത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.എ.ഇയിലെ കാര്യങ്ങള്‍ അറിയാന്‍ സംസാരിച്ച ഇന്‍കാസ് നേതാവ് മഹാദേവന്‍ കേരളത്തിലായിരുന്നുവെന്ന് സി.പി.എം സൈബാര്‍ പോരാളികള്‍ കൊണ്ടുപിടിച്ച പ്രചരണം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി സംസാരിച്ച ജോര്‍ജ് വര്‍ഗീസും കേരളത്തിലാണെന്ന തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.

പ്രവാസികളായ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഏപ്രില്‍ ആറിന് മുഖ്യമന്ത്രി പ്രവാസികളുമായി വീഡീയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരുന്നു. ഇതില്‍ മുഖ്യമന്ത്രി സംസാരിച്ചവരുടെ കൂട്ടത്തില്‍ സൗദി അറേബ്യയിലെ ദാമാമില്‍ നിന്നും ജോര്‍ജ് വര്‍ഗീസും ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.

എന്നാല്‍ ഈ സമയത്ത് ജോര്‍ജ് വര്‍ഗീസ് കേരളത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മാര്‍ച്ച് 31ന് ജോര്‍ജ് വര്‍ഗീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തില്‍ അദ്ദേഹം കേരളത്തിലുണ്ടെന്ന് വ്യക്തമാണ്. ‘ലോക് ഡൗണ്‍ കാലം എങ്ങനെ അതിജീവിക്കാം എന്ന് പഠിപ്പിച്ചു’വെന്ന് ചൂണ്ടിക്കാട്ടി ജോര്‍ജ് വര്‍ഗീസ് തന്നെ പങ്കുവെച്ച വാഴയ്ക്ക് തടമെടുക്കുന്ന ഫോട്ടോകള്‍ ഉള്‍പ്പടുത്തിയുള്ള പോസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ തെളിവുകള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സി.പി.എം സൈബര്‍ പോരാളികള്‍.

കേരളത്തിലുണ്ടായിരുന്ന ഇന്‍കാസ് നേതാവ് മഹാദേവനുമായി രമേശ് ചെന്നിത്തല സംസാരിച്ചതിനെ പരിഹസിക്കുന്ന സി.പി.എം സൈബര്‍ പോരാളികളുടെ അതേ സങ്കുചിത ലോജിക്കില്‍ ചിന്തിച്ചാല്‍ കേരളത്തില്‍ വാഴയ്ക്ക് തടമെടുക്കുന്ന ജോര്‍ജ് വര്‍ഗീസുമായി മുഖ്യമന്ത്രി സൗദി അറബ്യയിലെ എന്തുകാര്യമാണ് സംസാരിച്ചതെന്നും ചോദിക്കാം.