സൈബര്‍ സഖാക്കളുടെ സ്ത്രീവിരുദ്ധത നിറഞ്ഞാടുന്നു; ഫേസ്ബുക്കില്‍ കെ.കെ രമയ്‌ക്കെതിരെ കൊലവിളിയും അസഭ്യവര്‍ഷവും

Jaihind News Bureau
Friday, June 12, 2020

ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്‍ മരിച്ചതിനുപിന്നാലെ ടി.പിയെ അനുസ്മരിച്ച് കെ.കെ രമയിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ അസഭ്യവര്‍ഷവും കൊലവിളിയുമായി സിപിഎം അനുകൂലികളും പ്രവര്‍ത്തകരും. സ്ത്രീവിരുദ്ധത നിറയുന്ന വാചകങ്ങളാണ് ഇവര്‍ പോസ്റ്റിനു താഴെ കുറിക്കുന്നത്. കൊലക്കേസില്‍ പ്രതികളായവര്‍ ഉള്‍പ്പെടെ ഇക്കൂട്ടത്തില്‍പ്പെടുന്നു.   എന്നാല്‍ ഇതിലേറെപ്പേര്‍ കെ.കെ  രമയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.  ‘എന്‍റെ സഖാവേ’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച ടി.പിയുടെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്റ് മൂവായിരത്തിലേറെപ്പേരാണ് ഷെയര്‍ ചെയ്തത്. ഒപ്പം കുഞ്ഞനന്തനെ വാഴ്ത്തുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ട്രോള്‍ വര്‍ഷവും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു.

അതിനിടെ കൊലക്കേസില്‍ കോടതി ശിക്ഷിച്ച കുഞ്ഞനന്തനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയതിനെതിരെയും വ്യാപകവിമര്‍ശനമാണുയരുന്നത്. ‘സമൂഹത്തോട് കരുതല്‍ കാണിച്ച മനുഷ്യന്‍’ എന്നായിരുന്നു കുഞ്ഞനന്തനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ‘എതിരാളികൾ പോലും അംഗീകരിക്കുന്ന ധീരത’ എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിശേഷണം. ഇത്തരത്തില്‍ കൊലപാതകികളെ വാഴ്ത്തുന്ന,  ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിയമവാഴ്ചയിൽ വിശ്വാസം വേണ്ടേയെന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയരുന്നു.

ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയായ പി.കെ കുഞ്ഞനന്തൻ കഴിഞ്ഞദിവസമാണ് മരിച്ചത് . ടി.പിയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായ കുറ്റം. 2014 ജനുവരിയിൽ പ്രത്യേക വിചാരണ കോടതി കുഞ്ഞനന്തന് ജീവ പര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 2014 മെയ് 4നാണ് ടി.പി കൊല്ലപ്പെട്ടത്.

കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും കുഞ്ഞനന്തനെ കൈവിടാന്‍ സിപിഎം തയ്യാറായിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കുഞ്ഞനന്തന് പരോളുകളോടെ സുഖവാസമൊരുക്കുകയും സര്‍ക്കാര്‍ ചെയ്തിരുന്നു.  257 ദിവസമാണ് സര്‍ക്കാര്‍ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത്. സാധാരണ പരോള്‍ 135 ദിവസവും, വിവിധ ആവശ്യങ്ങള്‍ക്കായി അടിയന്തര പരോള്‍ 122 ദിവസവും കിട്ടിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.