വിദ്യാഭ്യാസ വകുപ്പിനെതിരെ സിപിഎം അംഗങ്ങൾ ; നിയമസഭാകക്ഷി യോഗത്തിൽ മന്ത്രിക്ക് കടുത്ത വിമർശനം

Jaihind Webdesk
Thursday, October 14, 2021

തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിനെതിരെ സിപിഎം  എംഎൽഎമാർ . പ്ലസ് വൺ പ്രവേശനത്തിലെ  പ്രതിസന്ധിയിലാണ് വിമർശനം. ചൊവ്വാഴ്ച ചേർന്ന സിപിഎം നിയമസഭാ കക്ഷി യോഗത്തിലാണ് വിമർശനം ഉയർന്നത്. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് പരിശോധിച്ചില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. സംസ്ഥാനമാകെ ഒരു യൂണിറ്റായി എടുത്തതിലും വിമർശനം ഉണ്ടായി. പ്രതിസന്ധിയുള്ള ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

2019-20നേക്കാളും ഒന്നര ഇരട്ടിയിലേറെ പേർക്ക് മുഴുവൻ എ പ്ലസ് ലഭിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. എ-പ്ലസിന്റെ കണക്കറിയാതെയാണോ സീറ്റുകളുടെ താരതമ്യം വകുപ്പ് നടത്തിയത് എന്ന ചോദ്യം യോഗത്തിലുണ്ടായി. സിപിഎം അംഗങ്ങളിൽ ഭൂരിഭാഗവും വിദ്യാഭ്യാസ വകുപ്പിനെതിരെ വിമർശനം ഉന്നയിച്ചു. ജില്ലകളുടെ ആവശ്യാനുസരണം സീറ്റ് ക്രമീകരണം വരുത്തണമെന്ന ആവശ്യം യോഗം മുന്നോട്ട് വെച്ചിട്ടുണ്ട്.

85000 ത്തോളം കുട്ടികൾക്ക് ഇപ്പഴും പ്ലസ് വൺ (plus one) സീറ്റില്ലെന്ന് നേരത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സമ്മതിച്ചിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന് നിയമസഭയിൽ  മന്ത്രി ഉറപ്പ് നല്‍കി. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും സീറ്റിനായി നെട്ടോട്ടം ഓടുമ്പോഴും അലോട്ട്മെന്‍റ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ ഇതുവരെയുള്ള വാദം. മാനേജ്മെന്‍റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, അൺ എയ്ഡഡ് സീറ്റുകളെല്ലാം കൂട്ടിയുള്ള ആ വാദം ഇന്നും മന്ത്രി ആവർത്തിച്ചതെങ്കിലും താഴേത്തട്ടിലെ സ്ഥിതി പരിശോധിക്കാമെന്ന് ഒടുവിൽ സർക്കാർ സമ്മതിക്കുകയായിരുന്നു.

കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്‍റ് ക്വാട്ട, പ്രവേശനം തീർന്ന് 23 ന് ശേഷം താലൂക്ക് അടിസ്ഥാനത്തിൽ പരിശോധിക്കും. എന്നാല്‍ പുതിയ ബാച്ച് തന്നെ അനുവദിക്കണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. പുതിയ ബാച്ച് അടക്കം അനുവദിക്കാതെ സർക്കാർ വിദ്യാർത്ഥികളുടെ നീറുന്ന പ്രശ്നത്തോട് മുഖം തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മിടുക്കരായവർ പുറത്ത് നിൽക്കുമ്പോഴും സർക്കാർ ഒന്നും ചെയ്തില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.