സിപിഎം ജില്ലാ സമ്മേളനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം

കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് പൊലീസിനെതിരെ വിമർശനം ഉയർന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സാമുഹ്യ വിരുദ്ധരുമായി ബന്ധമുണ്ടെന്ന് പ്രതിനിധികൾ. സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിലാണ് വിമർശനമുയർന്നത്.

പാനൂർ ഏരിയയിൽ നിന്നുള്ള സമ്മേളന പ്രതിനിധികളാണ് പൊലീസിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. ചില പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ സേനയ്ക്കും സർക്കാരിനും ഒരു പോലെ പേരുദോഷം വരുത്തി എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്. സി പി എം പ്രവർത്തകർ കൊല്ലപ്പെട്ട കേസ്സുകളിൽ പോലീസ് അന്വേഷണം വേണ്ട രീതിയിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

പാർട്ടി സഖാക്കൾ കൊല്ലപ്പെട്ട കേസ്സുകളിൽ കൊലപാതകത്തിന്‍റെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടക്കുന്നില്ല എന്നും പ്രതിനിധികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കുറ്റപ്പെടുത്തി. ഇന്നലെ വൈകുന്നേരം മുതൽ ആരംഭിച്ച പൊതുചർച്ചയിലാണ് പ്രതിനിധികൾ ഈ വിമർശനം ഉന്നയിച്ചത്. പെരിയ കേസ് അന്വേഷണവും പ്രതിനിധികൾ ഉയർത്തി. സാമുഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് കേസ്സുകളുടെ പേരെടുത്ത് പറഞ് കൊണ്ടുള്ള വിമർശനവും ഉയർന്നു.പൊതുചർച്ച ഇന്നും തുടരും. പൊതുചർച്ചയ്ക്കുള്ള മറുപടിയും, മേൽ കമ്മിറ്റി പ്രതിനിധികളുടെ മറുപടിയും ഇന്നുണ്ടാകും. സമാപന ദിവസമായ നാളെ പുതിയ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും.

Comments (0)
Add Comment