സർക്കാരിനും മന്ത്രിമാർക്കുമെതിരെ തുടർച്ചയായി ആരോപണങ്ങൾ; സിപിഎം ന്യായീകരണത്തില്‍ സി.പി.ഐക്കുള്ളില്‍ കടുത്ത അമർഷം

തിരുവനന്തപുരം: ഇടതു സർക്കാരിനും മന്ത്രിമാർക്കുമെതിരെ തുടർച്ചയായി ആരോപണങ്ങൾ പുറത്തേക്ക് വരുന്നതിൽ സി.പി.ഐക്കുള്ളില്‍ അസ്വസ്ഥത. മന്ത്രി ജലീലിനെ സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തതടക്കം സർക്കാരിനെതിരായ എല്ലാ ആരോപണങ്ങളും 18 ന് ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ ചർച്ചയാവും.

സ്വർണ്ണക്കടത്ത് കേസിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ ലൈഫ് മിഷനിലും കോടികളുടെ അരോപണം പുറത്ത് വന്നിട്ടും ഇതിനെ ന്യായീകരിക്കുന്ന സി.പി.എം നിലപാടിനെതിരെ സി.പി.ഐയിൽ കടുത്ത അമർഷമാണ് ഉടലെടുത്തിട്ടുള്ളത്. മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്‍റ് വിഭാഗം ചോദ്യം ചെയ്തിട്ടും അതിന്‍റെ പേരിൽ നാട്ടിലാകെ പ്രതിഷേധ സമരങ്ങൾ ഉയർന്നിട്ടും സി.പി.എം ജലീലിനെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിച്ചതും സി.പി.ഐയിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.

തദ്ദേശ നിയമസഭാ തെരെഞ്ഞെടുപ്പുകൾ അടുത്തെത്തുമ്പോൾ ഇത്തരത്തിൽ ഗൗരവതരമായ ആരോപണങ്ങൾ തുടർച്ചയായി പുറത്തു വരുന്നത് സർക്കാരിന്‍റെയും മുന്നണിയുടെയും പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്നും തെരെഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും സി.പി.ഐ വിലയിരുത്തുന്നു.

ഇതിനുപുറമേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻ എന്നിവരുടെ മക്കളെ ചുറ്റിപ്പറ്റി ഉയർന്ന ആരോപണങ്ങൾ കൈകാര്യം ചെയ്ത രീതിയെപ്പറ്റിയും യോഗം ചർച്ച ചെയ്തേക്കും. മുമ്പ് സ്പ്രിങ്കളർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന എൻ.ശിവശങ്കർ കാനത്തെ നേരിൽ കണ്ട് വിഷയത്തിൽ വിശദീകരണം നൽകിയിട്ടും സി.പി.ഐക്ക് ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല. തുടർന്ന് ശിവശങ്കർ സസ്പെൻഷനിലാവുകയും ചെയ്തു.

മാർക്ക് ദാന വിവാദത്തിലും ബന്ധുനിയമനത്തിലും ജലീലിനെതിരെ ഗുരുതര ആരോപണമുയർന്നിട്ടും ജലീലിനെതിരെ അച്ചടക്ക നടപടിക്ക് സി.പി.എം മുതിർന്നിരുന്നില്ല. എന്നാൽ സ്വർണ്ണക്കടത്ത് കേസിൽ സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസി മന്ത്രിയെ ചോദ്യം ചെയ്തിട്ടും സി.പി.എം പിന്തുടരുന്ന നിരുത്തരവാദ സമീപനത്തെ ചൊല്ലി സി.പി.ഐ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനമുയരാനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല.

Comments (0)
Add Comment