സി പി ഐ ജാഥയെ പരിഹസിച്ച് പി.ജയരാജന്‍റെ മകന്‍റെ എഫ് ബി പോസ്റ്റ്; ഇരുപക്ഷവും തമ്മിൽ വാക്‌പോര്

webdesk
Thursday, October 11, 2018

സി പി ഐ ജാഥയെ പരിഹസിച്ച് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്‍റെ മകന്‍റെ ഫെയിസ് ബുക്ക് പോസ്റ്റ്. സി പി ഐ കാൽനട ജാഥയിലെ ജനപങ്കാളിത്തത്തെ കളിയാക്കി കൊണ്ടാണ് പി.ജയരാജന്‍റെ മകനായ ജയിൻ രാജ് ഫോട്ടൊ സഹിതം എഫ് ബി യിൽ പോസ്റ്റ് ഇട്ടത്. ജയിൻ രാജിന്‍റെ പോസ്റ്റിനെതിരെ സിപിഐ സഖാക്കൾ രംഗത്ത് വന്നതോടെ എഫ് ബി യിൽ ഇരുപക്ഷവും തമ്മിൽ വാക്‌പോര്.

പിണറായിലേക്കുള്ള യാത്രാമദ്ധ്യേ കാപ്പുമ്മൽ വെച്ച് സിപിഐ നേതാവ് ആകാശത്ത് നോക്കി പ്രസംഗിക്കുന്നത് കണ്ടുവെന്ന് പറഞ്ഞാണ് ജയിൻ രാജിന്‍റെ ഫെയിസ് ബുക്ക് പോസ്റ്റ്. ഏഴു പേർ ചേർന്ന് സെവൻസ് കളിക്കാൻ ബൂട്ട് കെട്ടുന്നതാണെന്ന് സംശയിച്ചതായും ജയിൻ സി പി ഐ ജാഥയെ പരിഹസിച്ച് കൊണ്ട് ഫെയിസ് ബുക്ക് പോസ്റ്റിൽ പറയുന്നു. സഖാവ് പി.ജയരാജന്റെ ഫെയിസ് ബുക്ക് പോസ്റ്റ് സി പി എം സൈബർ പോരാളികൾ ഏറ്റെടുക്കുകയും ചെയ്തു.നിരവധി സഖാക്കൾ അത് ഷെയറും ചെയ്തു. പാർട്ടിയെ പരിഹസിക്കുന്ന പോസ്റ്റിനെതിരെ സി പി ഐ അനുകൂലികളും, എ ഐ എസ് എഫ് പ്രവർത്തകരും രംഗത്ത് വന്നതോടെ ഫെയിസ് ബുക്കിൽ സൈബർ പോരായി മാറി .

സിപിഎമ്മിന്‍റെ ജന പങ്കാളിത്തം കുറഞ്ഞ സമ്മേളന വേദികളുടെ പോസ്റ്റ് ഇട്ടാണ് എ ഐ എസ് എഫ് പ്രവർത്തകർ തിരിച്ചടിച്ചത്. വംശനാശം വരാറായ ജീവികളെ ആക്രമിച്ചാൽ അകത്താകുമെന്ന് പരിഹസിക്കുന്ന പോസ്റ്റുകളും സി പി ഐ ക്കെതിരെ സി പി എം പ്രവർത്തകർ പോസ്റ്റ് ചെയ്തിട്ടുണ്ട്.സി പി ഐ വിമർശനങ്ങളെ പ്രതിരോധിക്കാൻ ജയിൻ രാജ് രംഗത്ത് എത്തിയതോടെ സി പി എം – സി പി ഐ പ്രവർത്തകർ തമ്മിൽ ഫെയിസ്ബുക്കിൽ പരിഹാസം പോർവിളിയായി മാറിയിരിക്കുകയാണ്.