ഉസ്മാന്‍ ആരെന്നുപോലും അറിയാതെ സൈബർ ആക്രമണം തുടർന്ന് സിപിഎം

Jaihind News Bureau
Monday, May 11, 2020

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഫോൺ സംഭാഷണത്തിന്‍റെ പേരിൽ സിപിഎം സൈബർ വിങ്ങിന്‍റെ ആക്രമണത്തിന് ഇരയായ ഉസ്മാൻ നാട്ടിലെത്തി.  ഉസ്മാന്‍ എന്ന ആള്‍ ഇല്ലെന്നും രമേശ് ചെന്നിത്തലയുടെ ഭാവനാസൃഷ്ടി ആണെന്നുമായിരുന്നു ട്രോളുകള്‍.  എന്നാൽ ഇപ്പോള്‍ നാട്ടിലെത്തിയതിന്‍റെ പേരിലും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉസ്മാൻ വീണ്ടും വേട്ടയാടപ്പെടുകയാണ്.

ഞായറാഴ്ച പുലർച്ചെ ദോഹയില്‍നിന്നും നെടുമ്പാശേരി വിമാനത്തിലാണ് ഒ.ഐ.സി.സി ഗ്ലോബല്‍ വൈസ് പ്രസിഡന്‍റായ കെ.കെ ഉസ്മാന്‍ നാട്ടിലെത്തിയത്. ഗര്‍ഭിണിയായ മകളെ സുരക്ഷിതമായി നാട്ടിലെത്തിക്കേണ്ടതിനാൽ മകൾക്കൊപ്പം ഉസ്മാൻ നാട്ടിലേക്കു മടങ്ങി. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഫോൺ സംഭാഷണത്തിന്‍റെ പേരിൽ സി.പി.എമ്മിന്‍റെ സൈബർ ട്രോളുകളിൽ നിറഞ്ഞതിന് പിന്നാലെ നാട്ടിലെത്തിയതിനെയും സമൂഹ മാധ്യമങ്ങളിൽ ഉസ്മാൻ വേട്ടയാടപ്പെടുകയാണ്.

രമേശ്‌ ചെന്നിത്തല സദുദ്ദേശപരമായി ചെയ്ത ടെലിഫോണ്‍ കോളുകളെ മോശമായി ചിത്രീകരിക്കപ്പെട്ടതിന്‍റെ പേരിൽ വിഷമമുണ്ടെന്ന് ഉസ്മാൻ പറഞ്ഞു. ഖത്തര്‍ ഇന്‍കാസിന്‍റെ സ്ഥാപക പ്രസിഡന്‍റ് കൂടിയാണ് ഉസ്മാന്‍. ഞായറാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽ എത്തിയ ഇദ്ദേഹം ഉച്ചയോടെ സ്വദേശമായ നാദാപുരത്തെ പാറക്കടവിലെത്തി ക്വാറന്‍റീനിലായി.