സംസ്ഥാന ഭരണത്തിൽ കർശന ഇടപെടലിനു ഒരുങ്ങി സിപിഎം കേന്ദ്ര നേതൃത്വം

Jaihind News Bureau
Tuesday, November 24, 2020

സംസ്ഥാന ഭരണത്തിൽ കർശന ഇടപെടലിനു ഒരുങ്ങി സിപിഎം കേന്ദ്ര നേതൃത്വം. ഇതിന്‍റെ ഭാഗമായാണ് പൊലീസ് നിയമ ഭേദഗതി വിഷയത്തിൽ പരസ്യമായ തിരുത്തലിന് സർക്കാരിന് പാർട്ടി ജനറൽ സെക്രട്ടറി നിർദേശം നൽകിയത്.

രാജ്യത്ത് സിപിഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. എന്നാൽ കേരള ഭരണത്തിൽ തുടക്കം മുതൽ പാർട്ടി ഇടപെടൽ സാധ്യമായിരുന്നില്ല എന്നതാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ പല നയങ്ങളിലും വ്യതിചലിച്ചായിരുന്നു കേരളത്തിലെ ഇടതു പക്ഷ സർക്കാറിന്‍റെ നിലപാട്. കേരളത്തിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ തീരുമാനങ്ങൾക്ക് മാത്രമായിരുന്നു കേരളത്തിൽ പ്രാമുഖ്യം. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ഈ പക്ഷത്തോടൊപ്പം നിലയുറപ്പിച്ചു എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പാർട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടിന് വിരുദ്ധമായി യുഎപിഎ, സ്പ്രിംക്‌ളർ തുടങ്ങിയ വിഷയങ്ങളിലടക്കം സംസ്ഥാന സർക്കാർ തീരുമാനങ്ങളെടുത്തു. അത് കൊണ്ട് തന്നെ ഈ വിഷയങ്ങളിൽ പരസ്യ പ്രതികരണത്തിനുപോലും മുതിരാൻ സീതാറം യെച്ചൂരിക്ക് കഴിഞ്ഞിരുന്നില്ല. യെച്ചൂരിയെ ഗൗനിക്കാൻ പോലും സംസ്ഥാന സിപിഎം നേതൃത്വം തയ്യാറായില്ല എന്നതാണ് യാഥാർത്ഥ്യം. അന്ന് മുതൽക്ക് തന്നെ പാർട്ടിയിലെ അഭിപ്രായ ഭിന്നത പ്രകടമായിരുന്നു. എന്നാൽ സ്വർണക്കടത്ത്, ബംഗളുരു മയക്കുമരുന്ന് കേസിൽ പാർട്ടി സെക്രട്ടറിയുടെ മകന്‍റെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങൾ വന്നതോടെ കേന്ദ്ര നേതൃത്വം, പ്രതേകിച്ചും സീതാറാം യെച്ചൂരി തന്നെ ഭരണത്തിൽ ഇടപെട്ട് തുടങ്ങി. സംസ്ഥാന നേതൃത്വം തന്നിഷ്ടപ്രകാരം വരുത്തിവച്ച വിവാദങ്ങൾക്ക് പാർട്ടി ഉത്തരവാദിയല്ല എന്ന നിലപാടാണ് കേന്ദ്ര നേതൃത്വം അന്ന് സ്വീകരിച്ചത്.

അവിടുന്നങ്ങോട് കേന്ദ്ര നേതൃത്വം ശക്തമായ ഇടപെടലിനു തുടക്കം കുറിക്കുകയായിരുന്നു. ആദ്യം കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞതിലും ഇപ്പോൾ പൊലീസ് നിയമഭേദഗതിയിലും യെച്ചൂരിയുടെ നിലപാട് നിർണായകമായി. പാർട്ടി നിലപാടിന് വിരുദ്ധമായ നയങ്ങൾ സ്വീകരിക്കാൻ അനുവദിക്കില്ലെന്നു യെച്ചൂരി പാർട്ടി സംസ്ഥാന നേതൃത്വത്തിന് വ്യക്തമായ മുന്നണിയിപ്പ് നൽകി. ഇതു കൊണ്ടു തന്നെയാണ് പുതിയ നിയമ ഭേദഗതിയിൽ നിന്നും പിൻമാറാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഭരണം ബാക്കിയുള്ള അഞ്ച് മാസവും പാർട്ടി ഇടപെടൽ കൃത്യമായി ഉണ്ടാകുമെന്ന സൂചനയും യെച്ചൂരി ഇതിലൂടെ നൽകുന്നുണ്ട്. സംസ്ഥാനത്തുനിന്നുള്ള പിബി അംഗങ്ങളായ എംഎ ബേബി, എസ് രാമചന്ദ്രൻ പിള്ള എന്നിവർക്ക് നാളെകളിൽ സർക്കാർ-പാർട്ടി നയരൂപീകരണത്തിൽ നിർണായക പങ്കുണ്ടാവുമെന്നും ഉറപ്പാണ്.