പൊതുവേദിയില്‍ മോദിക്ക് സ്തുതി പാടി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം; നടപടി

Jaihind Webdesk
Monday, March 4, 2019

പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം നര്‍സയ്യ ആദം. പ്രധാനമന്ത്രി പങ്കെടുത്ത സോളാപൂരിലെ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സി.പി.എം നേതാവിന്‍റെ മോദി സ്തുതി.

സി.പിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമാണ് നര്‍സയ്യ ആദം.  ബീഡി തൊഴിലാളികള്‍ക്കായുള്ള ഭവന-കുടിവെള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായാണ് പ്രധാനമന്ത്രി എത്തിയത്. സോളാപൂരിലെ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനിടെ സംസാരിക്കവെയാണ് നര്‍സയ്യ ആദം മോദിയെ പുകഴ്ത്തി സംസാരിച്ചത്.

”2022 ഓടെ പദ്ധതി പൂർത്തിയാകും. അപ്പോൾ പ്രധാനമന്ത്രിയായിത്തന്നെ നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനെത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്” – നര്‍സയ്യ ആദം പറഞ്ഞു.

നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനും പാര്‍ട്ടിയെ കളങ്കപ്പെടുത്തി സംസാരിച്ചതിനും നര്‍സയ്യയെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍ നടപടി.