കളം നിറഞ്ഞത് കളങ്കിതര്‍; CPM സ്ഥാനാര്‍ഥികളില്‍ കൊലക്കേസ് പ്രതി മുതല്‍ കയ്യേറ്റക്കാര്‍ വരെ

Jaihind Webdesk
Saturday, March 9, 2019

CPM-Candidates

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പട്ടികയില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള ആരോപണങ്ങളും ശക്തമാവുകയാണ്. കൊലക്കേസ് പ്രതികളും ഭൂമി കയ്യേറ്റക്കാരും ഉള്‍പ്പെടെയുള്ളവരാണ് സി.പി.എം സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

വിജയസാധ്യത മുന്‍നിര്‍ത്തിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്ന് സി.പിഎം പറയുമ്പോള്‍ കൊലക്കേസുകളില്‍ അടക്കം പ്രതിയായവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. വടകരയിലെ സി.പി.എം സ്ഥാനാര്‍ഥി പി ജയരാജന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ്. ജയരാജനെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു.

പൊന്നാനിയിലെ സ്ഥാനാര്‍ഥി പി.വി അന്‍വര്‍ മനാഫ് വധക്കേസില്‍ ഒന്നാം പ്രതിയായിരുന്നു. കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി കേസില്‍ നിന്ന് ഒഴിവായെങ്കിലും സഹോദരപുത്രന്‍ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ ഇപ്പോഴും പ്രതിപ്പട്ടികയിലുണ്ട്. ക്വാറിയില്‍ ഉടമസ്ഥാവകാശം നല്‍കാമെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപ കബളിപ്പിച്ച കേസിലെ പ്രധാന പ്രതി കൂടിയാണ് അന്‍വര്‍. കക്കാടംപൊയില്‍ അനധികൃതമായി വാട്ടര്‍ തീം പാര്‍ക്കും അന്‍വറിന്‍റെ ഉടമസ്ഥതയിലുണ്ട്.

സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ബന്ധുനിയമന വിവാദത്തില്‍ ആരോപണവിധേയനാണ് കണ്ണൂരിലെ സ്ഥാനാര്‍ഥി പി.കെ ശ്രീമതി. പൊതുമേഖലാ സ്ഥാപനത്തിന്‍റെ തലപ്പത്ത് മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചെങ്കിലും വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.

ചാലക്കുടിയില്‍ ഇന്നസെന്‍റ് വീണ്ടും സ്ഥാനാര്‍ഥിയായെത്തുമ്പോള്‍ എം.പിക്കെതിരായ ജനവികാരം ശക്തമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരക്കെതിരെയും പ്രതിക്ക് അനുകൂലമായും പരാമര്‍ശം നടത്തി. ഇന്നസെന്‍റിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

ഭൂമികയ്യേറ്റ ആരോപണമാണ് ഇടുക്കിയിലെ സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിനെതിരെ നിലനില്‍ക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായ വട്ടവട കൊട്ടക്കമ്പൂര്‍ പ്രദേശത്ത് വ്യാപകമായി ഭൂമി കയ്യേറ്റം നടത്തിയെന്നതാണ് ജോയ്സ് ജോര്‍ജിനെതിരെ നിലനില്‍ക്കുന്നത്. കേരളചരിത്രത്തില്‍ ആദ്യമായി ഒരു ജനപ്രതിനിധിയുടെയും കുടുംബാംങ്ങളുടെയും പേരിലുള്ള പട്ടയം റദ്ദ് ചെയ്യപ്പെട്ടു എന്നതും നടത്തിയ ക്രമക്കേടിന്‍റെ ആഴം വ്യക്തമാക്കുന്നു.

പത്തനംതിട്ട എം.എല്‍.എ വീണാ ജോര്‍ജിനെതിരെയും ആരോപണം ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വീണാ ജോര്‍ജ് സ്വത്തുവിവരം പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ലെന്നും ഭര്‍ത്താവിന്‍റെ സ്വത്തുവിവരങ്ങള്‍ ചേര്‍ത്തിട്ടില്ലെന്നുമുള്ള പരാതിയാണ് വീണാ ജോര്‍ജിനെതിരെ നിലനില്‍ക്കുന്നത്. വോട്ട് പിടിക്കാന്‍ മതചിഹ്നങ്ങളെയും ദുരുപയോഗം ചെയ്തു എന്ന പരാതിയും നിലവിലുണ്ട്. സ്ഥാനാര്‍ഥിയായിരിക്കെ വീണാ ജോര്‍ജിന്‍റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേര്‍ത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെയും ലഘുലേഖകളിലൂടെയും പ്രചരിപ്പിച്ചു എന്നാണ് ആരോപണം.

കെ.പി സതീഷ്ചന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ കാസര്‍ഗോഡ് സി.പി.എമ്മിലെ ഒരു വിഭാഗം അതൃപ്തരാണ്. സതീഷ് ചന്ദ്രന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായി. ബേടകത്ത് ഒരുവിഭാഗം നേതാക്കള്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ പോയതും സതീഷ് ചന്ദ്രന്‍‌ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോഴാണ്.

എം.എല്‍.എമാരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആക്കുന്നതിനെ നേരത്തെ ശക്തമായി എതിര്‍ത്തിരുന്ന സി.പി.എമ്മാണിപ്പോള്‍ നാല് എം.എല്‍.എമാരെ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്.