പാർട്ടി ബഹിഷ്കരിച്ചവരുടെ പരസ്യത്തില്‍ തകർത്തഭിനയിച്ച് മുകേഷ് ; വെട്ടിലായി സിപിഎം

Jaihind News Bureau
Friday, March 19, 2021

 

കിഴക്കമ്പലം ട്വന്‍റി-ട്വന്‍റി മോഡലിനെതിരെയും പ്രൊമോട്ടറായ കിറ്റക്സിനെതിരെയും സിപിഎം ബഹിഷ്കരണ പ്രഖ്യാപനം നടത്തിയിരിക്കുന്നതിനിടെ പാർട്ടിയെയും മുന്നണിയെയും വെട്ടിലാക്കി കൊല്ലത്തെ ഇടത് സ്ഥാനാർത്ഥി മുകേഷ്. കിറ്റക്സ് ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതാണ് പുലിവാലായത്.

കിഴക്കമ്പലം ട്വന്‍റി-ട്വന്‍റി മോഡല്‍ കേരളമാകെ നടപ്പാക്കുമെന്ന കിറ്റെക്‌സ് ഉടമ സാബു എം ജേക്കബിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കിറ്റക്‌സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സിപിഎം സൈബർ ഇടങ്ങളിലുള്‍പ്പെടെ ക്യാമ്പെയ്ന്‍ നടത്തിയിരുന്നു.  ‘ആദായവിലക്ക് കിറ്റക്‌സ് കമ്പനി അടിമത്തം’ എന്ന പേരില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. കോര്‍പറേറ്റ് രാഷ്ട്രീയം കിഴക്കമ്പലത്ത് നടപ്പാക്കുന്നത് പുത്തന്‍ അടിമ കോളനികളാണെന്ന വിശദീകരണത്തോടെയായിരുന്നു പരമ്പര.

കൊല്ലം മണ്ഡലത്തില്‍ രണ്ടാം തവണയും മുകേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിറ്റക്‌സ് പുതിയ പരസ്യം പുറത്തുവിട്ടത്. കിറ്റക്‌സ് ഗ്രൂപ്പിന്‍റെ ചാക്‌സണ്‍ പുട്ട് മേക്കറിന്‍റെയും സാറാസ് പുട്ടുപൊടിയുടെയും പരസ്യത്തിലാണ് ഹരിശ്രീ അശോകനൊപ്പം മുകേഷും അഭിനയിച്ചിരിക്കുന്നത്. ക്രോണിക് ബാച്ചിലറിലെ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രമായാണ് പരസ്യചിത്രത്തില്‍ മുകേഷ് എത്തുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ട്വന്‍റി ട്വന്‍റിയെ സിപിഎം എതിര്‍ക്കുമ്പോള്‍ കിറ്റക്‌സ് ഗ്രൂപ്പിന്‍റെ പരസ്യചിത്രങ്ങളില്‍ നായകനായി പാർട്ടി സ്ഥാനാർത്ഥി തന്നെ എത്തിയതിന് എന്ത് വിശദീകരണം നല്‍കുമെന്നറിയാതെ കുഴങ്ങുകയാണ് നേതൃത്വം. മുകേഷിന്‍റെ മുഴുനീള സാന്നിധ്യമുള്ള പരസ്യം ടെലിവിഷനില്‍ എത്തിയതോടെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. നിരവധി കമന്‍റുകളാണ് പരസ്യത്തിന് താഴെ പ്രത്യക്ഷപ്പെടുന്നത്. ശ്രീനിവാസനെ പോലെ മുകേഷും ട്വന്‍റി ട്വന്‍റിയിലേക്കാണോ എന്നും ചിലർ ചോദിക്കുന്നു.