ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വീണ്ടും ഒളിച്ചോടി സിപിഎം ! എല്ലാ ചാനലുകളും ബഹിഷ്‌കരിക്കാന്‍ പാർട്ടി തീരുമാനം

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ തെളിവുകള്‍ മുഖ്യമന്ത്രിയിലേയ്ക്ക് നീളുന്നതോടെ ചാനല്‍ ചർച്ചകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സിപിഎം തീരുമാനമെന്ന് സൂചന. തല്‍ക്കാലം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. ഇന്നു നടന്ന ചാനല്‍ ചര്‍ച്ചകളിലൊന്നും സിപിഎം പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതും ഈ തീരുമാനത്തിന്‍റെ ഭാഗമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ തന്നെ പാർട്ടി ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്ന് മിക്ക ചാനലുകളിലെയും പ്രൈം ടൈം ചര്‍ച്ച. സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ മുഖ്യമന്ത്രി കുരുക്കിലാകുന്ന സ്ഥിതിയാണ് ഇപ്പോഴുണ്ടായത്. 2017ല്‍ കോണ്‍സുലേറ്റ് ജനറലിനൊപ്പം മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ടുവെന്നും മുഖ്യമന്ത്രിയാണ് ശിവശങ്കരനെ പരിചയപ്പെടുത്തിയതെന്നും മൊഴിയിലുണ്ടായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചാനല്‍ ചര്‍ച്ചകള്‍.

കുറച്ചുനാളായി ചര്‍ച്ചയ്ക്കുള്ളവരെ നേരിട്ടല്ല ചാനലുകള്‍ വിളിക്കേണ്ടത്. ചാനലുകള്‍ എകെജി സെന്‍ററില്‍ വിളിക്കുകയും വിഷയം പറഞ്ഞാല്‍ പ്രതിനിധികളെ അവര്‍ നിശ്ചയിക്കുകയുമാണ് പതിവ്. എന്നാല്‍ ഇന്ന് പ്രതിനിധികളെത്തേടി വൈകുന്നേരം മൂന്നരയോടെ എകെജി സെന്‍ററില്‍ വിളിച്ചെങ്കിലും ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന തീരുമാനമാണ് അറിയിച്ചത്.

ഇന്നു സിപിഎം പ്രതിനിധികള്‍ ഒഴിഞ്ഞു നിന്നതോടെ ചില ഇടതു നിരീക്ഷകരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ചില ചാനലില്‍ ഘടകകക്ഷി നേതാക്കളും പങ്കെടുത്തിരുന്നു. വരും ദിവസങ്ങളിലും ഈ നിലപാട് തുടരാനാണ് സിപിഎം തീരുമാനമെന്നാണ് സൂചന.

Comments (0)
Add Comment