സിപിഎം ബിജെപിയുടെ ബി ടീം; മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്തത് ജയരാജനെക്കൊണ്ട് പറയിപ്പിക്കുന്നു: രമേശ് ചെന്നിത്തല

 

ആലപ്പുഴ: സിപിഎം ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. ബിജെപി സ്ഥാനാർത്ഥികൾ ശക്തരാണെന്നുളള എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെ പ്രസ്താവന ഇതിന് തെളിവാണ്. മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പറഞ്ഞ് ജയരാജന്‍ സ്വയം അപഹാസ്യനാവുകയാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി ജയിച്ചാലും വേണ്ടില്ല, കോൺഗ്രസും യുഡിഎഫും തകരുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎമ്മിന്‍റെ പ്രവർത്തനം. മുഖ്യമന്ത്രിക്ക് നേരിട്ട് പറയാൻ പറ്റാത്ത കാര്യം ജയരാജനെക്കൊണ്ട് പറയിപ്പിക്കുകയാണ്. ഇതിനെ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ തള്ളിപ്പറഞ്ഞിട്ടില്ല. ബിജെപി ജയിച്ചാൽ സന്തോഷിക്കുന്ന ഒരു പാർട്ടിയായി സിപിഎം മാറി. യുഡിഎഫ് വമ്പിച്ച തിരഞ്ഞെുപ്പ് മുന്നേറ്റം നടത്തുമ്പോൾ അതിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി അനുകൂല പ്രസ്താവനകളുമായി സിപിഎം മുന്നോട്ടുവരുന്നത്. സിപിഎം-ബിജെപി അന്തർധാര ജനങ്ങൾക്ക് വ്യക്തമായി. ജനം ഇതെല്ലാം വിലയിരുത്തി യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.

Comments (0)
Add Comment