കേരളത്തില്‍ സിപിഎം-ബിജെപി രഹസ്യബന്ധം; കെ സുധാകരന്‍ എംപി

 

കണ്ണൂർ: കേരളത്തിലെ സിപിഎം ബിജെപിയുമായി രഹസ്യ ബന്ധം പുലർത്തുന്നതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. നീതിപൂർവം പ്രവർത്തിക്കുന്ന ഒരു ജുഡീഷ്യറി ഉണ്ടായിരുന്നെങ്കിൽ പിണറായി നേരത്തെ ജയിലിൽ പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്നയുടെ പരാതിയിൽ ഒരു കേസ് പോലും എടുത്തില്ല. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പലവട്ടം പരിശോധന നടത്തി. അന്വേഷണങ്ങൾ ഒന്നും മുന്നോട്ടുപോയില്ല എന്നത് ബിജെപിയും സിപിഎമ്മും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നു എന്നതിന്‍റെ തെളിവാണ്. സുപ്രീം കോടതിയിൽ പോലും സമ്മർദ്ദം ചെലുത്തി ബിജെപി സിപിഎമ്മിനെ സഹായിക്കുകയാണ്. ലാവലിൻ കേസിൽ ഇപ്പോഴും വിധി പറയാത്തത് അതുകൊണ്ടാണെന്നും കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി. 33 തവണയാണ് ലാവലിൻ കേസ് മാറ്റി വെച്ചത്.

ഇവിടെ നീതിപൂർവമായ ജനാധിപത്യവും നീതിപീഠവും ഇല്ല. രാഹുലിന് ഒരു നീതി മറ്റുള്ളവർക്ക് മറ്റൊരു നീതി എന്നതാണ് അവസ്ഥയെന്നും കെപിസിസി പ്രസിഡന്‍റ് കണ്ണൂരിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment